കേരളത്തിന് തമിഴകത്തിന്റെ അൻപ്; മലയാളത്തെ ചേർത്തുനിർത്തി കരുതൽ

പ്രളയത്തില്‍ കഷ്ടപെടുന്ന കേരളത്തിന് സഹായ ഹസ്തം നീട്ടി തമിഴകം. ഡി.എം.കെയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നിന്ന് മാത്രം ഇന്ന് ഒരുകോടി രൂപയുടെ  അവശ്യവസ്തുക്കള്‍ കേരളത്തിലേക്കു  യാത്ര തിരിച്ചു.

പ്രളയം ദുരിതാശ്വാസ ക്യാമ്പുകളിലേക്കു തള്ളിയവര്‍ക്ക് കൈത്താങ്ങാവാന്‍  തമിഴകം അന്‍പോടെ മുന്നോട്ടുവരികയാണ്. അരിയുടെയും വസ്ത്രങ്ങളുടെയും  പാത്രങ്ങളുടെയും രൂപത്തില്‍ അവര്‍ ഒരിക്കല്‍ കൂടി നമ്മളെ ചേര്‍ത്തുനിര്‍ത്തുകയാണ്. ഡി.എം.കെയാണ് കേരളത്തെ സഹായിക്കാന്‍ ആദ്യം മുന്നിട്ടിറങ്ങിയത്. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ നിര്‍േദശം പ്രവര്‍ത്തകര്‍ അതേ പടി അനുസരിച്ചപ്പോള്‍ ഒരു ദിവസം കൊണ്ടുമാത്രം  പാര്‍ട്ടി ആസ്ഥാനത്തിനമായ അണ്ണാ അറിവാലയത്തിനു മുന്നില്‍ നിരന്നത് ഇരുപതു ട്രക്കുകള്‍ .

ഇരുപത്തിയഞ്ചു കിലോയുടെ ചാക്കിന് 1200 രൂപ വിലയുള്ള മുന്തിയ പൊന്നി അരിയാണ് പുറപ്പെട്ട ലോറികളില്‍ ഏറെയും. പിന്നെ തുണികള്‍ , പായകള്‍ സാനിറ്ററി നാപ്കിനുകള്‍, പാത്രങ്ങള്‍ മുതല്‍ ഇരുട്ടകറ്റാനുള്ള  മെഴുകുതിരികള്‍ വരെ  ഇക്കൂട്ടത്തിലുണ്ട്. ചെന്നൈ നഗരപരിധിയിലെ മൂന്നു ജില്ലകളിലെ സാഹയമാണ് ഇന്നു പുറപ്പെട്ടത്. മറ്റുജില്ലകളില്‍ സമാനമായ രീതിയില്‍ വിഭവശേഖരണം നടക്കുന്നുണ്ട്. മലയാളി സംഘടനകള്‍ അടക്കമുള്ള ചെറുതം വലതുമായ സംഘടനകളും  ഇതേ രീതിയില്‍ സാഹായ വാഗ്ദാനങ്ങളുമായി കേരളത്തോടുള്ള സ്നേഹവും കരുതലുമായി രംഗത്തുണ്ട്.