കോടതി ഇടപെട്ടിട്ടും രക്ഷയില്ല; പ്രളയത്തില്‍ തകര്‍ന്ന ഫാം മാറ്റാന്‍ സഹായമില്ല

ഇടുക്കി ബഥേലിലെ ക്ഷീര കർഷകനായ ജിജി സർക്കാർ സഹായം ലഭിക്കാതെ അലയുന്നു. 2018ലെ പ്രളയത്തിൽ തകർന്ന കന്നുകാലി ഫാം മാറ്റി സ്ഥാപിക്കാൻ ഹൈക്കോടതി ഇടപെട്ടുപോലും ജിജിക്ക് സർക്കാർ സഹായം കിട്ടിയില്ല. തൊഴുത്ത് പുറമ്പോക്ക് ഭൂമിയിൽ ആയതാണ് തിരിച്ചടിയായത്.

മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം നേടിയിട്ടുണ്ട് ജിജി . മാസംതോറും അൻപതിനായിരം ലിറ്റർ പാൽ കറന്നെടുക്കും. ചിന്നാർ പുഴയുടെ പുറമ്പോക്കിലുള്ള വീടിനും കാലിത്തൊഴുത്തിനും പട്ടയം ഇല്ല . പ്രളയത്തിൽ വലിയൊരു ഭാഗം ഒലിച്ചുപോയി. പശുക്കളെ പരിപാലിക്കാൻ മറ്റ് സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. അങ്ങനെയിരിക്കെ മുട്ടാത്ത സർക്കാർ ഓഫീസുകളുടെ വാതിലുകളില്ല. അയക്കാത്ത നിവേദനങ്ങളില്ല. എന്നിട്ടും സർക്കാർ കനിഞ്ഞില്ല. ഒടുവിൽ ഹൈക്കോടതി നിർദേശത്തെ തുടർന്ന് ജില്ലാ കളക്ടർ നേരിട്ട് ജിജിയുടെ ഫാം സന്ദർശിച്ചു.

ഉപജീവനം വഴിമുട്ടിയ അവസ്ഥയിലാണ് ജിജി . സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഒരു ബാങ്കും കരകയറാൻ ഒരു വായ്പയും കൊടുത്തിട്ടില്ല. ആത്മഹത്യയെക്കുറിച്ച് പോലും പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അപ്പോഴും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ മുമ്പോട്ട് പോവുകയാണ്. മുഖ്യമന്ത്രിക്ക് നിവേദനം നൽകി ദുരിതം തീരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ജിജി

Enter AMP Embedded Script