2018ന്റെ നേട്ടം ‘കേരള സ്റ്റോറി’യെയും പിന്തള്ളി; എന്തുകൊണ്ട് ഓസ്കറിന്..?

മലയാള സിനിമയെ അഭിമാന നിറവിലെത്തിച്ച് ഓസ്കര്‍ പോരാട്ടത്തിന് മാറ്റുരയ്ക്കാന്‍ മലയാള ചിത്രം 2018. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 – എവ്‍രിവണ്‍ ഈസ് എ ഹീറോ'യാണ് 96മത് ഓസ്കര്‍ പുരസ്ക്കാര മല്‍സരത്തിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായത്. 2018 സിനിമയെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂറി തിരഞ്ഞെടുത്തത് വിവിധ ഭാഷകളിൽ നിന്നുളള 22 സിനിമകളിൽ നിന്നുമാണ്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിമര്‍ശനം നേരിട്ട ദ് കേരള സ്റ്റോറി അടക്കം 22 സിനികളില്‍ നിന്നാണ് കേരളത്തിന്‍റെ അതിജീവനം പ്രമേയമാക്കിയ 2018നെ തിരഞ്ഞെടുത്തത്.

പ്രശസ്ത കന്നഡ സംവിധായകന്‍ ഗിരിഷ് കാസറവള്ളി അധ്യക്ഷനായ പതിനാറംഗ ജൂറിയാണ് ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. കാലാവസ്ഥ വ്യതിയാനവും മനുഷ്യന്‍ നേരിട്ട ദുരിതവും അടക്കം ചര്‍ച്ച ചെയ്യുന്ന പ്രമേയമായതിനാലാണ് ഈ സിനിമ തിരഞ്ഞെടുക്കാന്‍ പ്രധാന കാരണമെന്ന് ഗിരിഷ് കാസറവള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഈ ചിത്രം പ്രകൃതിയും മനുഷ്യരാശിയും തമ്മിലുളള പോരാട്ടത്തിന്‍റെ ഒരു മെറ്റഫറാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തെ ചെന്നൈലെയോ കേരളത്തിലെയോ മാത്രം പ്രളയമെന്ന രീതിയിലല്ല അര്‍ഥമാക്കേണ്ടത്. ഇത് നമ്മുടെ വികസന സങ്കല്‍പ്പം എന്താണെന്നുളളതിന്‍റെ കൂടി മെറ്റഫറാണെന്നും ഗിരിഷ് കാസറവള്ളി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുടെ ഓസ്കർ എൻട്രിക്കായി കടുത്ത മല്‍സരം തന്നെയാണ് നടന്നത്. വെട്രിമാരന്‍റെ വിടുതലൈ ഒന്നാം ഭാഗം ശക്തമായ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍  ഗദ്ദർ 2, റോക്കി ഓർ റാണി കി പ്രേം കഹാനി, ബലഗം, മാമന്നൻ, മിസിസ് ചാറ്റർജി വേഴ്സസ് നോർവെ, മ്യൂസിക് സ്കൂൾ, 1947 തുടങ്ങിയ ചിത്രങ്ങളും ഇന്ത്യയുടെ ഓസ്കർ എൻട്രിക്കായി പോരാടി. 

ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കുന്ന നാലമത്തെ മലയാള ചിത്രമാണ് 2018. 2020ല്‍ ജല്ലിക്കെട്ടായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. 2024 മാര്‍ച്ച് 10നാണ് 96മത് ഒാസ്കര്‍ പുരസ്ക്കാര പ്രഖ്യാപനം.  30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ 2018 ബോക്‌സ്ഓഫീസില്‍ 200 കോടി സ്വന്തമാക്കുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.  ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്.

Why 2018 selected as Indias Official Oscar entry