പ്രളയകഥ പറഞ്ഞ തിരക്കഥാകൃത്തിന് വെള്ളപ്പൊക്കത്തില്‍ പാമ്പുകടിയേറ്റു

വെള്ളപ്പൊക്കത്തിന്റയും പ്രളയത്തിന്റേയും ദുരിതത്തിന്റേയും കഥ പറഞ്ഞ ‘2018’സിനിമയുെട തിരക്കഥാകൃത്തിന് പാമ്പുകടിയേറ്റു. തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റത്. പുതിയ സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് അഖില്‍ വെള്ളായണിയില്‍ വാടകവീട്ടില്‍ താമസത്തിനെത്തിയത്. കായലിനടുത്തായതിനാല്‍ വെള്ളം വീട്ടിലേക്ക് കുതിച്ചെത്തുകയായിരുന്നു. സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനുള്ള ശ്രമത്തിനിടെയിലാണ് അഖിലിനെ പാമ്പ് കടിച്ചത്. മൂര്‍ഖന്‍ പാമ്പാണ് കടിച്ചതെന്നാണ് കരുതുന്നത്. 

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം നിരീക്ഷണത്തിലാണ്. വെള്ളത്തില്‍വെച്ചു കടിയേറ്റാല്‍ മാരകമല്ലെന്നാണ് വിലയിരുത്തല്‍. പുതിയ ഹൊറര്‍ സിനിമയുടെ കഥയെഴുതാനായി ശാന്തസുന്ദരമായ സ്ഥലം തേടിയാണ് അഖില്‍ രണ്ടു മാസം മുന്‍പ് വെള്ളായണിയിലെത്തിയത്. കഴിഞ്ഞ ദിവസത്തെ മഴയും വെള്ളപ്പൊക്കവും വൈദ്യുതി പ്രതിസന്ധിയും കാരണം വീടുമാറാനിരിക്കെയാണ് ഇന്നലെ വീണ്ടും വെള്ളം കയറിയതും  പാമ്പുകടിയേറ്റതുമെന്ന് അഖില്‍ പറയുന്നു.

വീട്ടുമുറ്റത്തേക്കും മുറികളിലേക്കും വെള്ളം കയറുന്നതിന്റെ വിഡിയോ അഖില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒട്ടേറെപ്പേര്‍ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. 

The screenwriter of ‘2018’ was bitten by a snake in the flood

വാര്‍ത്തകളുംവിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.