ചൂടില്‍ നിന്നൊരു ആശ്വാസം; സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് വാല്‍പ്പാറ

ചൂടില്‍ നിന്നും ആശ്വാസം തേടി മലയാളികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് വാല്‍പ്പാറ. പ്രകൃതിഭംഗിയും അതിര്‍ത്തി പിന്നിട്ട് അധികം അകലെയല്ലാതെ എത്തിച്ചേരാന്‍ കഴിയുന്ന ഇടമെന്ന പ്രത്യേകതയും തമിഴ്നാട്ടിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിനുണ്ട്. ഊട്ടിയിലെത്തുന്നവര്‍ വാല്‍പ്പാറയും ഇഷ്ട ഇടമായി മാറ്റുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  

എവിടെ നോക്കിയാലും പച്ചപ്പ്. അതും കേരളത്തില്‍ സൂര്യന്റെ ചൂട് നാല്‍പ്പത് ഡിഗ്രിയില്‍ താഴാത്ത സമയത്ത്. അവിടെയാണ് മലയാളിയുടെ ഇഷ്ട ഇടമായി വാല്‍പ്പാറ മാറുന്നത്. തേയിലത്തോട്ടങ്ങളുടെ മനോഹാരിത. ജലാശയങ്ങളും തൊഴിലാളികളുടെ ലയങ്ങളും ആകര്‍ഷിക്കും. ആശങ്കയുണ്ടെങ്കിലും യാത്രയില്‍ വന്യമൃഗങ്ങളെ കൂടുതലായി കാണാമെന്നതും സഞ്ചാരികളെ വാല്‍പ്പാറയിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്നുണ്ട്. തേയില നുള്ളുന്നത് പോലും സഞ്ചാരികള്‍ വിനോദമാക്കുമ്പോള്‍ തൊഴിലാളികള്‍ അവസരം നല്‍കി പ്രോല്‍സാഹിപ്പിക്കുകയാണ്. 

മികച്ച റോഡുകള്‍, ചെറിയ ദൂരപരിധിക്കുള്ളില്‍ത്തന്നെ കൂടുതല്‍ മനോഹാരിതയുള്ള സ്ഥലങ്ങള്‍. ഏറ്റവും കൂടുതലായി വാല്‍പ്പാറ കാണാനെത്തുന്നത് മലയാളികളാണ്. കര്‍ണാകടയില്‍ നിന്നുള്ളവരും കാര്യമായി വാല്‍പ്പാറയെ ഇഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാല്‍പ്പാറ നഗരസഭയും വിനോദസഞ്ചാരവകുപ്പും, വനംവകുപ്പും സഞ്ചാരികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശവുമായി കൂടെയുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പാക്കേജിലും ഇടംപിടിച്ച വാല്‍പ്പാറ വൈവിധ്യങ്ങള്‍ നിറച്ച് ഓരോരുത്തരെയും സ്വാഗതം ചെയ്യുകയാണ്. പ്രകൃതിയെ അറിഞ്ഞ് പച്ചപ്പും കണ്ട് മടങ്ങാന്‍ ഈ ചൂട് കാലത്ത്.

Valparai is full of tourists