കൂട്ടിക്കലിലെ കണ്ണീര്‍ പ്രളയത്തിന്‍റെ ഓര്‍മകള്‍ക്ക് 2 വര്‍ഷം; പ്രദേശം ഇന്നും അവഗണനയില്‍

മുണ്ടക്കയം കൂട്ടിക്കലിലും പരിസരപ്രദേശങ്ങളിലും പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായിട്ട് ഇന്ന് രണ്ട് വര്‍ഷം പിന്നിടുന്നു. 21 ജീവനുകള്‍ പൊലിഞ്ഞ ദുരന്തമുഖത്ത് സര്‍വ്വതും നഷ്ടപ്പെട്ട ജനത ഇന്നും അവഗണയുടെ കരയിലാണ്. 

അതിരാവിലെ ഉണ്ടായ പെരുമഴ നിലക്കാതെ തുടർന്നതോടെ കൂട്ടിക്കൽ, മുണ്ടക്കയം,കൊക്കയാർ ഉൾപ്പെടുന്ന പ്രദേശങ്ങൾ ദുരന്തം പെയ്തിറങ്ങി സങ്കടക്കടലാകുന്ന കാഴ്ചയായിരുന്നു 2021 ഒക്ടോബർ 16ന് കേരളം കണ്ടത് 

ദുരിതത്തിൽ മുങ്ങിയതിന്റെ മൂന്നാം വയസ്സിലേക്ക് കടക്കുമ്പോഴും നാട് പഴയ പടിയാക്കാൻ അധികാരികൾക്ക് കഴിയാതെ പോയതിന്റെ  ദയനീയ കാഴ്ചകൾ കൂട്ടിക്കലിലും പരിസരപ്രദേശങ്ങളിലുണ്ട്..സര്‍ക്കാര്‍ സംവിധാനത്തില്‍ ഒട്ടേറെപ്പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. എന്നാല്‍ തൊഴിലും പണിയായുധങ്ങളും നഷ്ടപ്പെട്ടവരും കടകള്‍ തകര്‍ന്നവരും കടംകയറിയവരുമായി ഏറെപ്പേര്‍ ഇപ്പോഴുമുണ്ട്.  

ഒട്ടുമിക്കയാളുകള്‍ക്കും സന്നദ്ധ സംഘടനകള്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യ വികസനം ഇപ്പോഴും അകലെയാണ്.. 40ലധികം പാലങ്ങളാണ് തകര്‍ന്നത്. പൂര്‍ണ തോതില്‍  ഗതാഗത യോഗ്യമാക്കിയവ വിരലില്‍ എണ്ണാവുന്നത് മാത്രം. 

സർക്കാർ പ്രഖ്യാപനങ്ങളൊക്കെയും ഫ്ലക്സുകളിൽ മാത്രം ഒതുങ്ങുമ്പോൾ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും അടിസ്ഥാന വികസനങ്ങൾക്കായി കാത്തിരിക്കുകയാണ് മലയോര ജനത