സ്വാതന്ത്ര്യദിനാഘോഷം; കനത്ത ജാഗ്രതയിൽ ജമ്മുകശ്മീർ

ജമ്മുകശ്മീര്‍ കനത്ത ജാഗ്രതയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ എതിര്‍ക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. അതിനിടെ, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടരുകയാണ്. 

പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷ. മുന്‍കാല സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ചിലര്‍ പ്രകോപനത്തിന് ശ്രമിക്കുകയാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജമ്മുകശ്മീര്‍ എഡിജിപി മുനിര്‍ ഖാന്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് ശേഷം നീക്കുമെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് വ്യക്തമാക്കി. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഒരാഴ്ച്ചയ്ക്ക് ശേഷം പൂര്‍വസ്ഥിതിയിലാകും. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ അഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ പതാകയുയര്‍ത്തുമെന്ന പ്രചാരണവും ഗവര്‍ണര്‍ തള്ളി. നിബന്ധനങ്ങള്‍ മുന്നോട്ടുവെച്ച് രാഷ്ട്രീയ താല്‍പര്യങ്ങളോടെ കശ്മീര്‍ സന്ദര്‍ശിക്കാമെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുള്ളത്. അതിനാല്‍ രാഹുലിനുള്ള ക്ഷണം പിന്‍വലിക്കുന്നതായും സത്യപാല്‍ മലിക് വ്യക്തമാക്കി. എന്നാല്‍ ഉപാധികളില്ലാതെ വരാന്‍ തയ്യാറാണെന്ന് രാഹുല്‍ ഉടന്‍ തിരിച്ചടിച്ചു. 

ഭരണം ആഗ്രഹിക്കുന്നവരും ഭീകരതയെ പിന്തുണയ്ക്കുന്നവരും പ്രതിപക്ഷത്തെ ചിലരുമാണ് ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടികളെ എതിര്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അതിനിടെ, കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിക്കണമെന്ന ആവശ്യപ്പെട്ട് രക്ഷാസമിതി അധ്യക്ഷനും അംഗരാജ്യങ്ങള്‍ക്കും പ്രതിനിധി വഴി കത്ത് നല്‍കിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു.