75 മണിക്കുര്‍ സ്വാതന്ത്ര്യദിന പ്രത്യേക കവറേജ്; ടെലിവിഷനില്‍ ചരിത്രമെഴുതി മനോരമ ന്യൂസ്

ടെലിവിഷനില്‍ ചരിത്രമെഴുതി മനോരമ ന്യൂസിന്‍റെ എഴുപത്തഞ്ച്  മണിക്കുര്‍ പ്രത്യേക  കവറേജിന് വര്‍ണാഭമായ സമാപനം. മൂന്നുമണിക്കൂര്‍ നീണ്ട വൈവിധ്യപൂര്‍ണമായ തല്‍സമയ പരിപാടിയോടെയാണ് കവറേജിന് തിരശീലവീണത്.  മനോരമ ന്യൂസിന്‍റെ ഇന്ത്യാ അറ്റ് സെവന്‍റി ഫൈവിന് സമൂഹത്തിന്‍റെ വിവിധ മേഖലയില്‍ നിന്നുള്ളവരുടെ പങ്കാളിത്തം പകിട്ടു കൂട്ടി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവേളയിലെ 75 മണിക്കൂറുകളില്‍ മനോരമ ന്യൂസില്‍ വന്നുപോയത് ഇന്നത്തെ ഇന്ത്യ തന്നെയായിരുന്നു. വേറിട്ട കാഴ്ചകള്‍. വ്യത്യസ്ത ചിന്തകള്‍, ജീവിതപരിസരത്ത് ഇന്നും തുടരേണ്ടിവരുന്ന സ്വാതന്ത്ര്യമുറവിളികള്‍.

നാട് മുന്നേറിയപ്പോള്‍ ഓരത്ത് ഒതുക്കപ്പെട്ടവര്‍, കലയുടെ കേളീരവങ്ങള്‍, ദേശവികാരത്തിന്റെ സംഗീതരൂപങ്ങള്‍, ഇന്നിന്റെ ഇന്ത്യയെക്കുറിച്ചുള്ള ആഴമേറിയ ചിന്തകള്‍, നാട് പിന്നിട്ട നാഴികക്കല്ലുകള്‍, സ്വാതന്ത്ര്യപ്പുലരിയുടെ വാര്‍ത്താമാനങ്ങള്‍, മരണമില്ലാത്ത മഹാത്മജി ദേശീയമുദ്രപേറുന്ന സ്മാരകങ്ങള്‍,കേരളത്തിന്റെ സ്വാതന്ത്ര്യസ്മൃതികള്‍–– 75 മണിക്കൂറില്‍ മനോരമ ന്യൂസിന്റെ ഇന്ത്യയെ കണ്ടെത്തല്‍ ഇങ്ങനെ നീളുന്നു. സമാപന മണിക്കൂറുകളിലും കേട്ടത് തെളിമയാര്‍ന്ന സ്വാതന്ത്ര്യചിന്തകള്‍, മുഴങ്ങിക്കേട്ടത് സ്വാതന്ത്ര്യഗീതികള്‍, പിന്നെ സമഗ്രകവറേജിന്റെ തിരശീല. 75 മണിക്കൂറില്‍ നാടിന്റെ സ്വാതന്ത്ര്യസ്പന്ദനവും നേര്‍ക്കാഴ്ചകളും പകര്‍ന്ന സമഗ്രകവറേജ് മലയാള ദൃശ്യമാധ്യമരംഗത്ത് പുതുചരിത്രമെഴുതിയാണ് സമാപ്തിതൊട്ടത്.