പഴയ കരുത്ത് ചോരാതെ ഇന്നും നെഹ്റുവിന്റെ വാഹനം; 75 വയസിന്റെ 'ഗമ'

രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവുമായി യാത്ര ചെയ്തതിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വാഹനങ്ങളിലൊന്ന് ഇപ്പോഴും പാലക്കാട്ടെ നിരത്തിലുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷ വാര്‍ഷികത്തില്‍ അല്‍പം ഗമയോടെയാണ് കാറിന്റെ ചക്രമുരുളുന്നത്. അഭിമാനം വാനോളമുയരുന്ന ഘട്ടത്തില്‍ ഈ വാഹനവും സ്വാതന്ത്ര്യ സമരവീഥികളില്‍ ചില്ലറ ദൂരമല്ല പാഞ്ഞത്. 

ഇത് വെറുമൊരു കാറല്ല. സ്വാതന്ത്ര്യ സമരചരിത്രത്തില്‍ വിവിധയിടങ്ങളില്‍ മുന്നണിപ്പോരാളികളെ സുരക്ഷിതമായി എത്തിച്ച വേഗക്കാരന്‍. ഏറെ അഭിമാനം നിറയ്ക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സഞ്ചരിച്ച വാഹനമെന്നതിനാണ്. എഴുപത്തി അഞ്ച് വര്‍ഷം പിന്നിടുന്നു. പ്രധാനമന്ത്രിമാര്‍ േവറെയും കാറുകളില്‍ യാത്ര ചെയ്തിട്ടില്ലേ പിന്നെ ഇതിന് മാത്രം എന്ത് പ്രത്യേകത എന്നാകും പലരുടെയും സംശയം. പ്രധാനമന്ത്രി കേരളത്തിലെത്തി ഈ വാഹനത്തില്‍ സഞ്ചരിച്ചതിന്റെയും എഴുപത്ത് അഞ്ച് വര്‍ഷം തികയുകയാണ്. പൊള്ളാച്ചിയിലെ ആളിയാര്‍ ഡാമും പാലക്കാട്ടെ മലമ്പുഴ ഡാമും സന്ദര്‍ശിക്കാന്‍ നെഹ്റുവെത്തിയത് ഈ വാഹനത്തിന്റെ പിന്‍സീറ്റിലിരുന്നാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷത്തിലും പഴയ കരുത്ത് ഒട്ടു കുറയാതെ കാര്‍ നിരത്തിലുണ്ടെന്നതാണ് പ്രത്യേകത.  

1939 ലെ ഷെവര്‍ലെ മാസ്റ്റര്‍ ഡീലക്സ് ശ്രേണിയിലുള്ള കാറാണ്. പഴയ കാറുകളുടെ ശേഖരം ഏറെയുള്ള ചന്ദ്രനഗര്‍ സ്വദേശി ടി.കെ.രാജേഷിന്റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ വാഹനമുള്ളത്. പലരും ലക്ഷങ്ങള്‍ വിലയിട്ടെങ്കിലും വാഹനം കൈമാറാന്‍ രാജേഷിനും കുടുംബത്തിനും താല്‍പര്യമില്ല. നിരത്തിലോടാന്‍ അല്‍പം ഇന്ധനം കൂടുതല്‍ വേണമെങ്കിലും ആജീവനാന്ത പെര്‍മിറ്റുണ്ട്. പ്രധാനമന്ത്രിയുടെ കാറെന്ന് പലരും വിശേഷിപ്പിക്കുമ്പോള്‍ സ്വാതന്ത്ര്യാഘോഷ നാളുകളില്‍ അല്‍പം തലപ്പൊക്കം കൂടുമെന്നതും യാഥാര്‍ഥ്യം.