നിങ്ങളുടെ എക്സിറ്റ് പോൾ ശരിയോ?; ചിലപ്പോൾ തെറ്റി പോയേക്കാമെന്ന് രാജ്ദീപ് സര്‍ദേശായി; ട്വീറ്റ്

പുറത്തുവിട്ട എക്സിറ്റ്പോളുകളെ സജീവമായി ചർച്ച ചെയ്യുകയാണ് രാജ്യം. ബിജെപി വമ്പൻ ഭൂരിപക്ഷത്തിൽ തന്നെ അധികാരത്തിലേറുമെന്ന പ്രവചനം പ്രതിപക്ഷ പാർട്ടികളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. രണ്ടു ദിവസം കൂടി കാത്തിരിക്കൂ മറ്റൊന്നാകും സംഭവിക്കുക എന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ഇതിന് പിന്നാെല ചർച്ചയാവുകയാണ് ഇന്ത്യാ ടുഡേ കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ്.

എൻഡിഎ മുന്നണിക്ക് 339 മുതൽ 365 വരെ സീറ്റുകളാണ് ഇന്ത്യാ ടുഡേ – ആക്‌സിസ് എക്സിറ്റ്പോൾ പ്രവചിച്ചത്. യു.പി.എക്ക് 77 മുതൽ 108 വരെ സീറ്റുകളേ ഉണ്ടാകൂ എന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചകൾ സജീവമായത്. ഇൗ കണക്കുകൾ ശരിയാണോ എന്ന് സൈബർ ലോകത്ത് ട്വീറ്റുകളും കമന്റുകളും പ്രവഹിച്ചു. മോദി തരംഗം ഉള്ളപ്പോൾ കിട്ടിയ സീറ്റുകളോളം തന്നെ ഇപ്പോഴും ലഭിക്കും എന്ന പ്രവചനമാണ് ഇത്തരത്തിൽ ചർച്ചകളെ മുന്നോട്ട് നയിക്കുന്നത്. ഇൗ ട്വീറ്റുകളോട് അഞ്ച് ഉത്തരങ്ങളാണ് രാജ്ദീപ് സർദേശായി നൽകുന്നത്. 

‘കഴിഞ്ഞ രാത്രി മുതൽ നിരവധി പേർ ചോദിക്കുന്നു: നിങ്ങളുടെ സംഖ്യകൾ സത്യമാണോ? മറുപടി ഇങ്ങനെ:

എ. സംഖ്യകൾ എന്റേതല്ല, ആക്‌സിസിന്റേതാണ്. 

ബി. ഞങ്ങൾ അവർ നൽകിയ വിവരം അതുപോലെ പ്രേക്ഷകർക്ക് നൽകുകയാണ് ചെയ്തത്. 

സി. പോൾ വെറും സംഖ്യകളെയല്ല, തരംഗമാണ് വിലയിരുത്തുന്നത്. 

ഡി. ആക്‌സിസിന്റെ ട്രാക്ക് റെക്കോർഡ് മികച്ചും ബഹുമാനമർഹിക്കുന്നതുമാണ്. 

ഇ. പോളുകൾ തെറ്റാകാനും ഇടയുണ്ട്.’ അദ്ദേഹം കുറിച്ചു.

എന്നാൽ എക്സിറ്റ്പോളുകൾ എല്ലാം അതേ പോലെ തെറ്റിപ്പോകും എന്ന വാദത്തിനോട് അദ്ദേഹം യോജിക്കുന്നില്ല. ഓസ്‌ട്രേലിയയിലും ബ്രെക്‌സിറ്റിലും അമേരിക്കൻ തിരഞ്ഞെടുപ്പിലും ഉണ്ടായതു പോലെയല്ല ഇന്ത്യയിലെ പോളുകളെന്നും. ഇവിടെ എല്ലാ പോളുകളും ഒരേ ദിശയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.