തൃണമൂല്‍ തേരോട്ടത്തിന് ചുക്കാന്‍ പിടിച്ച് മലയാളി; ദീദിയുടെ വലംകൈ ഈ ഒറ്റയാന്‍

ചൊവ്വാഴ്ച മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ അസന്‍സോളില്‍ തൃണമൂലിന്റെ തേരോട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത് മലയാളി. മലപ്പുറം എടപ്പാള്‍ സ്വദേശി വി.ശിവദാസന്‍ നായരാണ് ഇവിടെ ടി.എം.സി ജില്ലാപ്രസിഡന്റ്. മമതയുടെ വിശ്വസ്തനായ ശിവദാസന് മറ്റുരണ്ട് മണ്ഡലങ്ങളുടെ കൂടി ചുമതലയുണ്ട്.

അസന്‍സോളിലെ തൃണമൂല്‍ സ്ഥാനാര്‍ഥി മൂണ്‍ മൂണ്‍ സെന്‍ പത്രിക സമര്‍പ്പിക്കാന്‍ പോകുകയാണ്. കലക്ടറുടെ ഓഫീസില്‍ പ്രവേശിക്കാവുന്നത് അഞ്ചുപേര്‍ക്കുമാത്രം. അത് ആരൊക്കെയാണെന്ന് തീരുമാനിക്കുന്നത് ദാസുദാ ആണ്. മലയാളത്തില്‍ പറഞ്ഞാല്‍ വടക്കേപ്പാട്ട് ശിവദാസന്‍ നായര്‍. കൊല്‍ക്കത്ത കഴിഞ്ഞാല്‍ ബംഗാളിലെ ഏറ്റവും വലിയ നഗരമായ അസന്‍സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാക്കും പ്രവര്‍ത്തിയും ഇദ്ദേഹമാണ്. 2003 മുതല്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ്. ടി.എം.സി കോര്‍കമ്മിറ്റി അംഗം. അതിനെല്ലാമപ്പുറം പടിഞ്ഞാറന്‍ ബംഗാളില്‍ മമതയുടെ വലംകൈ. 

വ്യവസായനഗരമായ അസന്‍സോളില്‍ സിപിഎമ്മിന്റെ കുത്തക തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയതും ഈ ഒറ്റയാനാണ്. 

41 വര്‍ഷമായി ബംഗാളില്‍. മമതയുടെ വിശ്വസ്തനാണെങ്കിലും ഇടയ്ക്കൊന്ന് തെറ്റി. 2006ലെ തിരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ഥികള്‍ തോറ്റതിന്റെ പേരില്‍ സസ്പെന്‍ഷന്‍. ഒരുവര്‍ഷം കഴിഞ്ഞ് മമത തിരിച്ചെടുത്തു. 2009 ല്‍ വീണ്ടും ജില്ലാ പ്രസിഡന്റ്. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 

സ്വന്തം ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയും സെക്യൂരിറ്റി സ്ഥാപനവും വിവിധ സര്‍ക്കാര്‍ ബോര്‍ഡുകളില്‍ അംഗത്വവുമൊക്കെയായി രാഷ്ട്രീയത്തിനപ്പുറവും തിരക്കോടുതിരക്കാണ് ഈ എടപ്പാള്‍ സ്വദേശിക്ക്. ദാസുദാ മന്ത്രിയാകുന്നതും കാത്ത് വലിയ അനുയായി വൃന്ദവും ഒപ്പമുണ്ട്.

കാമറ: ബോണി ജോസഫ്