'പുരുഷന്മാരുടെ ലൈംഗികാസക്തി കുറയ്ക്കും'; ബിരിയാണിക്കട അടപ്പിച്ച് തൃണമൂൽ നേതാവ്

പുരുഷന്മാർക്ക് ദോഷകരമാണെന്ന് ആരോപിച്ച് പശ്ചിമ ബഗാളിലെ കൂച്ച് ബെഹാറിലെ രണ്ട് പ്രാദേശിക ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. കൂച്ച് ബെഹാർ മുൻസിപ്പാലിറ്റി ചെയർമാൻ രവീന്ദ്രനാഥ് ഘോഷാണ് വിചിത്ര നടപടിയെടുത്തത്. ബിരിയാണി കടകൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. അതിനാലാണ് കടകൾ അടച്ച് പൂട്ടിയത് എന്നാണ് രവീന്ദ്രനാഥ് ഘോഷിന്റെ വാദം. 

'ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷന്മാരിലെ ലൈംഗികാസക്തി കുറയ്ക്കുമെന്ന് നിരവധി ആളുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ പുരുഷന്റെ ലൈംഗികാസക്തിയെ തടസ്സപ്പെടുത്തുന്ന ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മസാലകള്‍ ഏതൊക്കെയാണെന്ന് അറിയില്ല'. രവീന്ദ്രനാഥ് ഘോഷിന്റെ വാക്കുകൾ ഇങ്ങനെയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 

ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പ്രദേശത്ത് ബിരിയാണി വിൽക്കുന്നുണ്ടെന്നും കടകൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കൂച്ച് ബിഹാർ മുനിസിപ്പാലിറ്റി ചെയർമാൻ കൂടിയായ രവീന്ദ്രനാഥ് ഘോഷ്  ആരോപിക്കുന്നു. പരാതി ലഭിച്ചതോടെ ഞങ്ങൾ ഇവിടെയെത്തി പരിശോധന നടത്തി. കടകൾക്ക് ട്രേഡ് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി, അതിനാൽ കടകൾ പൂട്ടി- ഇതാണ് വിശദീകരണം.