അധ്യാപക നിയമന അഴിമതി: മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ പുറത്താക്കി മമത

പാര്‍ഥ ചാറ്റര്‍ജി

ബംഗാള്‍ മന്ത്രിസ്ഥാനത്തുനിന്ന് പാര്‍ഥ ചാറ്റര്‍ജിയെ പുറത്താക്കി. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. പാര്‍ഥ ചാറ്റര്‍ജിയെയും സുഹൃത്ത് അര്‍പ്പിത മുഖര്‍ജിയെയും ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ആഗസ്റ്റ് മൂന്ന് വരെ ഇഡി കസ്റ്റഡിയിലാണ് പാർഥ ചാറ്റർജിയും സുഹൃത്ത് അർപിത അർപിത മുഖർജിയും. പാർഥ ചാറ്റർജിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ സുകാന്തോ ആചാര്യയെയും മറ്റ് സഹായികളെയും ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപിയും സിപിഎമ്മും തുടരുന്നത്. ഇഡി വേട്ടയാടലാണെന്ന് ആരോപിച്ച് മന്ത്രി പാർഥ ചാറ്റർജിയെ ആദ്യം പിന്തുണച്ച ടി എം സി കയ്യൊഴിഞ്ഞു. പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും പാർട്ടി പദവികളിൽ നിന്നും നീക്കണമെന്ന് ടിഎംസി ജനറൽ സെക്രട്ടറി കുനാൽ ഘോഷ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, ബംഗാൾ അധ്യാപക നിയമന അഴിമതിക്കേസിൽ അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്ത് അർപിത മുഖർജിയുടെ വസതികളിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 50 കോടി രൂപയും 5 കിലോ സ്വർണവും. ഇന്നലെ ബെൽഗാരിയയിലെ വസതിയിൽ നിന്ന് പിടിച്ചെടുത്തത്  29 കോടി രൂപയും സ്വർണക്കട്ടികളും. മന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ അടക്കമുള്ളവരെ ഇ ഡി ഉടൻ ചോദ്യം ചെയ്യും.  പാർഥ ചാറ്റർജിയെ മന്ത്രി പദത്തിൽ നിന്നും പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കണമെന്ന് ടി എം സി ജനറൽ സെകട്ടറി കുനാൽ ഘോഷ് ആവശ്യപ്പെട്ടു. 

സിനിമ സീനുകളെ വെല്ലുന്ന കാഴ്ചയായിരുന്നു മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്ത് അർപിത മുഖർജിയുടെ ബെൽഗാരിയയിലെ വസതിയിൽ നിന്ന് ഇന്നലെ പുറത്ത് വന്നത്. കൂട്ടിയിട്ട നിലയിലായിരുന്നു 29 കോടി രൂപ. ഒപ്പം  സ്വർണക്കട്ടികളും ആഭരണങ്ങളും .  18 മണിക്കൂർ നീണ്ട പരിശോധനക്കൊടുവിൽ 10 പെട്ടികളിലായാണ് ഇഡി പണം കൊണ്ടുപോയത്. നേരത്തെ ടോളിഗഞ്ചിലെ വസതിയിൽ നിന്നും 21 കോടി രൂപയും സ്വർണവും കണ്ടെത്തിയിരുന്നു. വരും മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധന ഉണ്ടായേക്കും.