‘ചീങ്കണ്ണിയെ പിടിച്ച ബാലനായ നരേന്ദ്ര’; ജന്മനാട്ടിൽ വീര പരിവേഷം; മോദി തന്നെ വികാരം

ജന്മനാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വീര പരിവേഷമാണ് ഗുജറാത്തിൽ ബിജെപി പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദു. സ്ഥാനാർഥികളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് വോട്ടു തേടുന്നത്. 2014ൽ സംസ്ഥാനത്ത് കോൺഗ്രസിനെ തറപറ്റിച്ചതും ഇക്കുറിയും പിന്നിലാക്കുന്നതും ഇതേ മോദി ഫാക്ടറാണ്.

ശർമ്മിഷ്ഠ തടാകത്തിന്റെ തീരത്താണ് പ്രധാനമന്ത്രിയുടെ ജന്മനാട് വട് നഗർ. ബലനായ നരേന്ദ്ര ചീങ്കണ്ണിയെ പിടിച്ചു കൊണ്ടുവരുന്ന കഥയൊക്കെ പ്രായമാവർ ഇപ്പോഴും പറയും. തൊട്ടു ചേർന്ന് വട് നഗർ റയിൽവേ സ്റ്റേഷൻ, ചായ് പെ ചർച്ചയ്ക്ക് വഴിമരുന്നിട്ട ആ ചായക്കട ഇപ്പോഴുമുണ്ട്. താനൊരു ചായക്കടക്കാരന്റെ മകനാണെന്ന് മോദി പറയുന്ന അദ്ദേഹത്തിന്റെ പിതാവ് നടത്തിയിരുന്ന ചായക്കട. ഇവിടെയാണ് നരേന്ദ്ര ഭായ് ചായ വിറ്റിരുന്നത്. പിതാവിന്റെ ചായക്കടയിൽ അദ്ദേഹം വരുമായിരുന്നു.

നേതാവിനെക്കുറിച്ചുള്ള നാട്ടുകാരുടെ കഥകളിൽ പലപ്പോഴും അതിശയോക്തി കലരാറുണ്ട്. എതിരാളികത് പരിഹാസവിഷയവുമാക്കാറുണ്ട്. പക്ഷേ പ്രധാനമന്ത്രിയായി മോദി വരണമെന്നത് ശരാശരി ഗുജറാത്തിയുടെ വികാരമാണ്. അത് തന്നെയാണ് ബിജെപിയുടെ തുറുപ്പുചീട്ടും കോൺഗ്രസിന്റെ ദൗർബല്യവും. ബിജെപി സ്ഥാനാർഥികളെ അധികമൊന്നും കാണാനില്ല. പരസ്യ ബോർഡുകളും മോദിമയം. ഇരുപത്താറ് മണ്ഡലങ്ങളിലും മത്സരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ചുരുക്കം. നഗരങ്ങൾക്ക് പുറത്തെ ഗുജറാത്ത് മോഡലിന്റെ പൊയ്മുഖം തുറന്നു കാട്ടിയാണ് മോദി കാർഡ് കോൺഗ്രസ് പ്രതിരോധിക്കുന്നത്.