'തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണം'; ആഗ്രഹം പറഞ്ഞ് അമൃത്പാല്‍ സിങ്

Amrithpal
SHARE

പഞ്ചാബിലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ജയിലില്‍ക്കിടക്കുന്ന ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ്ങിന് മോഹം. ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് മല്‍സരിക്കാന്‍ അമൃത്പാലിന് താല്‍പ്പര്യമെന്ന അഭിഭാഷകന്‍റെ വാക്കുകള്‍ പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയാണ്. ദേശീയ സുരക്ഷ നിയമം ചുമത്തപ്പെട്ട് അസമിലെ ജയിലില്‍ കഴിയുന്ന അമൃത്പാലിന് ജനവിധി തേടണമെങ്കില്‍ ഏറെ കടമ്പകള്‍ ബാക്കിയാണ്. 

ജൂണ്‍ ഒന്നിന് നടക്കുന്ന വോട്ടെടുപ്പില്‍ ഖാദൂര്‍ സാഹിബ് മണ്ഡലത്തിലെ വോട്ടിങ് യന്ത്രത്തില്‍ തന്‍റെ പേര് കൂടിയുണ്ടാകണമെന്നാണ് അമൃത്പാല്‍ സിങ്ങിന്‍റെ ആഗ്രഹം. അമൃത്പാലിന്‍റെ മോഹം എളുപ്പമായിരുന്നു ഒരുവര്‍ഷം മുന്‍പായിരുന്നെങ്കില്‍. വാരിസ് പഞ്ചാബ് ദേ തലവനായ അമൃത് പാല്‍ ഇപ്പോഴുള്ളത് അസമിലെ ദിബ്രുഗഡിലുള്ള അതിസുരക്ഷാ ജയിലിലാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 23നാണ് അമൃത്പാലിനെ ദേശീയ സുരക്ഷ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. പിടിയാലാകുംവരെ പഞ്ചാബില്‍ വ്യാപകമായി ഖലിസ്ഥാന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചയാളാണ് അമൃത്പാല്‍ സിങ്. അനുയായിയായ ലവ്പ്രീത് സിങ് തൂഫാനെ പൊലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാന്‍ അമൃത്സറിന് സമീപമുള്ള അജ്നാല പൊലീസ് സ്റ്റേഷന്‍ അമൃത്പാലും ആയിരക്കണക്കിന് വരുന്ന അനുയായികളും ചേര്‍ന്ന് ആക്രമിച്ചതോടെ രാജ്യാന്തര തലത്തില്‍ കുപ്രസിദ്ധനായി.  

അമൃത്പാലിന് ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആദ്യം പറഞ്ഞത് അഭിഭാകനായ രാജ്ദേവ് സിങ് ഖല്‍സയാണ്. കുടുംബാംഗങ്ങള്‍ ജയിലിലെത്തി കഴിഞ്ഞദിവസം അമൃത്പാലിനെ കാണുകയും ചെയ്തു. ‌തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ കുടുംബം വ്യക്തത വരുത്തിയിട്ടില്ല. അമൃത്പാലിന്‍റെ അറസ്റ്റിന് പിന്നാലെയാണ്, കാനഡ, അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ഖലിസ്ഥാന്‍ വാദികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. 

Amritpal Singh wants to contest the Lok Sabha elections

MORE IN INDIA
SHOW MORE