‘ആര്‍എസ്എസ് ഓഫിസില്‍ പാത്രം കഴുകിയും ഭക്ഷണം വച്ചും ആ കാലം’; ഓര്‍മകളില്‍ മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാനുള്ള സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇൗ ഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറയുന്ന അഭിമുഖത്തിന്റെ ഒാരോ പതിപ്പും വൈറലാവുകയാണ്. ആർഎസ്എസ് പ്രവർത്തകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെ എത്തിയ യാത്രയുടെ ഒാരോ ഘട്ടങ്ങളാണ് അദ്ദേഹം പറയുന്നത്. ആദ്യ കാല ജീവിതം ദുരിതപൂർണമായിരുന്നെന്ന് അദ്ദേഹം ആദ്യപതിപ്പിൽ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴെത്തിയ അഭിമുഖത്തിലാണ് ആർഎസ്എസ് തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അദ്ദേഹം പറയുന്നത്. 

ദീപാവലിയ്ക്ക് അഞ്ചുനാൾ കാട്ടിൽ പോകും; എന്നെതന്നെ കാണാൻ; മോദി അനുഭവം തുടരുന്നു

തന്റെ 17–ാം വയസ്സിൽ മാതാപിതാക്കളെ വിട്ട് ഹിമാലയത്തിലേക്കു പോയതിന് ശേഷം മടങ്ങി എത്തുന്നതോടെ ജീവിതത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതായി മോദി പറയുന്നു. ഹിമാലയത്തിലെ ജീവിതത്തിന് ശേഷം ഞാൻ മടങ്ങിയെത്തിയത് അഹ്മദാബാദിലേക്കായിരുന്നു. ആ വലിയ നഗരം എനിക്ക് അത്ര പരിചിതമായിരുന്നില്ല. അവിടെ വച്ച് ഞാൻ എന്റെ അമ്മാവന്റെ കാന്റീനിൽ സഹായിക്കാനും കൂടിയിരുന്നു. അപ്പോഴും ജീവിതത്തിൽ മറ്റുള്ളവരെ േസവിക്കണമെന്ന അതിയായ മോഹം എന്റെ ഉള്ളിലുണ്ടായിരുന്നു. പിന്നീട് ഞാൻ ഒരു മുഴുവൻ സമയ ആർഎസ്എസ് പ്രചാരക് ആയി മാറി. അവിടെ എനിക്ക് ജീവിതത്തിന്റെ വിവിധ തുറകളിൽ ജീവിക്കുന്നവരുമായി ഇടപഴകാൻ കഴിഞ്ഞു. ആർ‌എസ്എസ് ഓഫീസ് വൃത്തിയാക്കൽ, പാത്രങ്ങൾ കഴുകൽ, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ ജോലികളെല്ലാം ചെയ്താണ് ജീവിച്ചത്. ആ ജീവിതത്തിൽ നിന്നും സേവനത്തിന്റെ അർഥം മനസിലായെന്നും മോദി പറയുന്നു. 

ഹിമാലയത്തിൽ മൂന്ന് മണിക്ക് കൊടുംതണുപ്പിൽ കുളിക്കും; തീക്ഷ്ണകാലം ഓർത്ത് മോദി

എട്ടാം വയസ്സിലാണ് ആദ്യമായി ആർഎസ്എസിന്റെ പരിപാടിയിൽ പോകുന്നതെന്നും മോദി പറഞ്ഞു. ഗുജറാത്ത് വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു വേണ്ടി സുഹൃത്തുക്കളോടൊപ്പം ചേർന്നു ഭക്ഷണസ്റ്റാള്‍ ഉണ്ടാക്കി. നമ്മൾ ഏതു സാഹചര്യത്തിലാണു ജനിച്ചതെന്നു പ്രധാനമല്ല. നിങ്ങൾ എന്നോടു കഷ്ടപ്പാടുകൾ ചോദിച്ചാൽ അങ്ങനെയൊന്നുണ്ടായില്ലെന്നേ പറയാൻ സാധിക്കൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.