ദീപാവലിയ്ക്ക് അഞ്ചുനാൾ കാട്ടിൽ പോകും; എന്നെതന്നെ കാണാൻ; മോദി അനുഭവം തുടരുന്നു

modi-life-story
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിതം തുറന്നുപറയുന്ന അഭിമുഖത്തിന്റെ പുതിയ ഭാഗം പുറത്തെത്തി. കൗമാരകാലഘട്ടത്തിലെ ഹിമാലയൻ ജീവിതവും സന്ന്യാസികളോടുള്ള ജീവിതവും അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിരുന്നു. ഹിമാലയത്തിലെ ജീവിതത്തിനുേശഷം വന്ന മാറ്റങ്ങളും ചെയ്ത കാര്യങ്ങളുമാണ് പുതിയ ഭാഗത്തിലുള്ളത്. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്‍മീഡിയ പേജുകളിലാണ് മോഡിയുമായുള്ള അഭിമുഖം പങ്കുവച്ചിരിക്കുന്നത്.

‘ഹിമാലയത്തിലെ ജീവിതത്തിന് ശേഷം ഞാൻ മടങ്ങിയെത്തിയത് അഹ്മദാബാദിലേക്കായിരുന്നു. ആ വലിയ നഗരം എനിക്ക് അത്ര പരിചിതമായിരുന്നില്ല. അവിടെ വച്ച് ഞാൻ എന്റെ അമ്മാവന്റെ കാന്റീനിൽ സഹായിക്കാനും കൂടിയിരുന്നു. അപ്പോഴും ജീവിതത്തിൽ മറ്റുള്ളവരെ േസവിക്കണമെന്ന അതിയായ മോഹം എന്റെ ഉള്ളിലുണ്ടായിരുന്നു. പിന്നീട് ഞാൻ ഒരു മുഴുവൻ സമയ ആർഎസ്എസ് പ്രചാരക് ആയി മാറി. അവിടെ എനിക്ക് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ജീവിക്കുന്നവരുമായി ഇടപഴകാൻ കഴിഞ്ഞു. ആർ‌എസ്എസ് ഓഫീസ് വൃത്തിയാക്കൽ, പാത്രങ്ങൾ കഴുകൽ, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ ജോലികളെല്ലാം ചെയ്താണ് ജീവിച്ചത്. 

എന്നാൽ അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ദീപാവലിയോടനുബന്ധിച്ച് അഞ്ച് ദിവസം ഞാൻ കാട്ടിലേക്ക് പോകുമായിരുന്നു. ശുദ്ധ ജലവും ലഭിക്കുന്ന, ആൾക്കാരൊന്നുമില്ലാത്ത സ്ഥലം. അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണം കൈയിലെടുത്താണ് പോകുക. അവിടെ റേഡിയോയോ പത്രങ്ങളോ ഉണ്ടാകില്ല. അക്കാലത്ത് ഇന്റർനെറ്റും ടിവിയും ഒന്നുംതന്നെ ഉണ്ടായിരിന്നില്ല താനും. അന്നത്തെ ഏകാന്തധ്യാനങ്ങളിൽ നിന്നും ലഭിച്ച കരുത്താണ് ഇന്നും ജീവിതത്തെ നേരിടുന്നതിന് എന്നെ പ്രാപ്തനാക്കുന്നത്. അന്ന് പലരും എന്നോട് ചോദിക്കും നിങ്ങൾ ആരെ കാണാനാണ് പോകുന്നതെന്ന്.  അപ്പോൾ ഞാൻ പറയും, ഞാൻ എന്നെ കാണാനാണ് പോകുന്നത്.

അതുതന്നെയാണ് എനിക്ക് നിങ്ങളോടും പറയാനുള്ളത്. തിരക്കേറിയ ഇൗ ജീവിതത്തിനിടയിൽ അൽപം ഇടവേളയെടുക്കൂ. ആത്മപരിശോധന നടത്തൂ. ചിന്തിക്കൂ. ഇത് നിങ്ങളുടെ കാഴ്ചപാടിനെ മാറ്റാൻ സഹായിക്കും. വെളിച്ചം തേടി നിങ്ങൾ അലയേണ്ടതില്ല അത് നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്’ മോദി അഭിമുഖത്തിൽ പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പ് ഇതിനോടകം സോഷ്യൽ ലോകത്ത് ചർച്ചയായിരിക്കുകയാണ്. 

MORE IN INDIA
SHOW MORE