അന്ന് കണ്ടത് മരണഭയമുള്ള കസബിനെ; കഴുമരത്തിലേറ്റും മുന്‍പ് കുമ്പസാരം

2008 നവംബറിലെ ആ കറുത്ത ദിനം ഒരു ഇന്ത്യക്കാരനും മറക്കാനിടയില്ല. രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൻറെ ബാക്കിപത്രമെന്നോണം ഇന്നും വേദനകൾ പേറുന്നവരുണ്ട്. ആ ഭീകരാക്രമണത്തിൻറെ മുഖ്യസൂത്രധാരനായിരുന്നു ലഷ്കർ ഇ–ത്വയ്ബ തീവ്രവാദി അജ്മൽ കസബ്. തൂക്കിലേറ്റപ്പെടും മുൻപുള്ള കസബിൻറെ അവസാനവാക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന രമേശ് മഹാൽ എന്ന ഉദ്യോഗസ്ഥൻ. 

‌‌''നിങ്ങൾ ജയിച്ചു, ഞാൻ തോറ്റു'', എന്നാണ് കസബ് അവസാനമായി പറഞ്ഞത്. ഒരിക്കലും ചോദ്യങ്ങൾക്ക് നേരിട്ടുള്ള ഉത്തരങ്ങൾ നൽകിയിരുന്നില്ല. അമിതാബ് ബച്ചനെ കാണാനാണ് വിസയെടുത്ത് താൻ മുംബൈയിലെത്തിയതെന്ന് ഒരിക്കൽ‌ പറഞ്ഞിട്ടുണ്ട്. ക്രൂരമായ ചോദ്യം ചെയ്യലുകൾ കൊണ്ട് ഫലമില്ലായിരുന്നു. പിന്നീട് തങ്ങൾ കസബിന് ആശ്വാസപ്രദമായ അന്തരീക്ഷം ഒരുക്കിയെന്നും സ്വയം മനസുതുറക്കാൻ കാത്തിരുന്നുവെന്നും രമേശ് മഹാൽ പറയുന്നു.  

വധശിക്ഷ ലഭിക്കും വരെ ഇന്ത്യയിലെ നിയമം തന്നെ വെറുതെ വിടുമെന്ന പ്രതീക്ഷയിലായിരുന്നു കസബ് എന്ന അദ്ദേഹം പറയുന്നു. കഴുമരത്തിലേക്കുള്ള യാത്രയിൽ കസബ് ഒന്നും സംസാരിച്ചില്ല. ആദ്യം കണ്ട ധൈര്യശാലിയായ കസബ് ആയിരുന്നില്ല അപ്പോൾ, മരണഭയമുള്ള കസബായിരുന്നു. 

കസബിൻറെ വധശിക്ഷ തനിക്കേറ്റവും സന്തോഷം നല്‍കിയ കാര്യമായിരുന്നുവെന്നും മഹൽ പറയുന്നു. അവിടെ നീതി ജയിക്കുകയും തി‌ൻമ മരിക്കുകയും ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു. 

2008 നവംബറിലാണ് മുംബൈ പൊലീസ് അജ്മലിനെ പിടികൂടുന്നത്. 2012 നവംബറിലാണ് വധശിക്ഷ നടപ്പിലാക്കിയത്. ഇന്ത്യക്കെതിരെ യുദ്ധം ചെയ്​തുവെന്നതുൾപ്പെടെ 80 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്​.