ചെന്നൈയെ ചേർത്തുപിടിച്ചു; അരിയും പാലും പുതപ്പും ഒപ്പം സ്റ്റാലിനും

ഏത് സാഹചര്യത്തിലും ജനങ്ങൾക്കൊപ്പമുണ്ടാകേണ്ടവരാണ് ജനപ്രതിനിധികൾ എന്ന ബോധ്യം അടിയുറപ്പിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കനത്തമഴയെത്തുടർന്ന് ദുരിതത്തിലായ ചെന്നൈ നഗരം ഒഴുകിപ്പോകാതെ പുണർന്നു പിടിക്കുകയാണ് മുഖ്യമന്ത്രി. 

തുടർച്ചയായി രണ്ടാം ദിവസവും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സഹമന്ത്രിമാരും സജീവമായി രംഗത്തു തുടരുകയാണ്. മഴക്കെടുതി നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച സ്റ്റാലിനും സംഘവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ ചെന്നൈ ഹാർബർ അസംബ്ലി നിയോജക മണ്ഡലത്തിന് കീഴിലുള്ള കല്യാണപുരത്ത് മഴക്കെടുതിയിൽ നാശം വിതച്ച പ്രദേശങ്ങൾ സ്റ്റാലിൻ സന്ദർശിച്ചു. തുടർന്ന് അദ്ദേഹം പൊതുജനങ്ങളെ കാണുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്തു. 

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അരിയും പാലും പുതപ്പും ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളും അദ്ദേഹം വിതരണം ചെയ്തു. തുടർന്നു വേളാച്ചേരി, പുരുഷവാക്കം, സൈദാപ്പേട്ട്, വില്ലിവാക്കം മേഖലകളിലും സന്ദർശനം നടത്തി. തുടർന്നു മെഡിക്കൽ ക്യാംപുകൾ സന്ദർശിച്ചു. ആർകെ നഗർ, പെരമ്പൂർ മേഖലകളും മുഖ്യമന്ത്രി സന്ദർശിച്ചു.  മന്ത്രിമാരായ കെ.എൻ.നെഹ്റു, പി.കെ.ശേഖർ ബാബു തുടങ്ങിയവരും സ്റ്റാലിനൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ സംഘവും ഇന്നലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങി. 

മഹാകവി കണ്ണദാസൻ നഗറിൽ ദുരിതാശ്വാസ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനെത്തിയ സ്റ്റാലിന്റെ അനുഗ്രഹം തേടി ദമ്പതികളെത്തി. പെരമ്പൂർ സ്വദേശികളായ ഗൗരി ശങ്കർ – മഹാലക്ഷ്മി എന്നിവരാണു സ്റ്റാലിന്റെ അനുഗ്രഹം തേടിയെത്തിയത്. മഴക്കോട്ടു ധരിച്ചു നിന്ന സ്റ്റാലിന്റെ കാൽതൊട്ടു വന്ദിച്ചു. സ്റ്റാലിൻ ദമ്പതികൾക്ക് വിവാഹ സമ്മാനവും നൽകി.