ജയലളിതയുടെ മരണം; ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറെന്ന് ശശികല

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ കുറിച്ചുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ തമിഴ്നാട് സര്‍ക്കാര്‍ നിയമോപദേശം തേടി. ജയലളിതയുടെ തോഴി വി.കെ. ശശികല, മുന്‍ ആരോഗ്യമന്ത്രി സി.വിജയഭാസ്കര്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണത്തിനു കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണു സര്‍ക്കാര്‍ നീക്കം. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നു ആരോപണ വിധേയയായ ജയലളിതയുടെ തോഴി വി.കെ ശശികല പ്രഖ്യാപിച്ചു.

രണ്ടു പതിറ്റാണ്ടിലേറെ ജയലളിതയുടെ നിഴലായിരുന്ന തോഴി വി.കെ. ശശികലയെ സംശയമുനയില്‍ നിര്‍ത്തുന്നതാണ് ജസ്റ്റിസ് ആറുമുഖസാമി കമ്മിഷന്‍ റിപ്പോര്‍ട്ട്. ശശികലയ്ക്കൊപ്പം മുന്‍ആരോഗ്യമന്ത്രി സി.വിജയഭാസ്കര്‍, മുതിര്‍ന്ന ഐ.എ.എസ് ഓഫീസറായ അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി ജെ.രാധാകൃഷ്ണന്‍, ജയലളിതയുടെ സ്വാകാര്യ ഡോക്ടറും ശശികലയുടെ ബന്ധുവുമായ‍ കെ.എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിനു കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍മേല്‍ തിടക്കപ്പെട്ടു നടപടികള്‍ വേണ്ടായന്നാണു ഡി.എം.കെ. സര്‍ക്കാരിന്റെ നിലപാട്. അന്വേഷണ സാധ്യത സംബന്ധിച്ചും നാലുപേര്‍ക്കെതിരെയുള്ള കമ്മിഷന്റെ കണ്ടത്തലുകളിലും സര്‍ക്കാര്‍ നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകൂ.

അതേസമയം ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നു വി.കെ. ശശികല പ്രഖ്യാപിച്ചു. ജയലളിതയുടെ ചികിത്സയുടെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലും കമ്മിഷന്‍ റിപ്പോര്‍ട്ട് വസ്തുതകള്‍ക്കു നിരക്കാത്തതാണന്നും ശശികല വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. സംശയനിഴലിലായതോടെ അടുപ്പക്കാരുമായി തുടര്‍നടപടികളെ കുറിച്ച് ശശികല ചര്‍ച്ചകള്‍ തുടങ്ങി. രാത്രി വൈകി അനന്തിരവും അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവുമായ ടി.ടി.വി. ദിനകരനെ ടി.നഗറിലെ വീട്ടിലേക്ക്  വിളിച്ചുവരുത്തി. അതേസമയം കമ്മിഷന്റെ കണ്ടെത്തലുകളുടെ സാധുത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

അമേരിക്കയില്‍ നിന്നെത്തിയ ഡോക്ടര്‍ സമീൻ ശർമ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നിര്‍ദേശിച്ചെങ്കിലും നടന്നില്ലെന്നാണു പ്രധാന കണ്ടെത്തല്‍. എന്നാല്‍ സമീന്‍ ശര്‍മയുടെ മൊഴി പോലും കമ്മിഷന്‍ എടുത്തിട്ടില്ല. ജയലളിതയുടെ ചികില്‍സ സംബന്ധിച്ച എയിംസിലെ ഡോക്ടര്‍മാരുടെ സംഘം നല്‍കിയ റിപ്പോര്‍ട്ടുകളും കമ്മിഷന്‍ തള്ളികളഞ്ഞിട്ടുണ്ട്. ചികില്‍സാ സംബന്ധമായ കാര്യങ്ങളില്‍ തീരുമാനത്തിലെത്താന്‍ ജസ്റ്റിസ് ആറുമുഖസാമി കമ്മീഷനു പ്രാഗല്‍ഭ്യമില്ലെന്നാണു റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവരുടെ നിലപാട്.