‘ബ്രാഹ്മണരും ബനിയാസും എന്റെ പോക്കറ്റിൽ’; വിവാദമായി ബിജെപി നേതാവിന്റെ വാക്കുകൾ

‌വിവാദ പ്രസ്താവനയിറക്കി വെട്ടിലായി ബിജെപി ജനറൽ സെക്രട്ടറി മുരളീധർ റാവു. ബ്രാഹ്മണരും ബനിയാസും ഉൾപ്പെടുന്ന സമൂഹം എന്റെ പോക്കറ്റിലാണെന്നായിരുന്നു റാവുവിന്റെ വാക്കുകൾ. മധ്യപ്രദേശിന്റെ ചുമതയുള്ള റാവു പ്രസ്താവനയുടെ പേരിൽ മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ തന്റെ വാക്കുകൾ പ്രതിപക്ഷം വളച്ചൊടിച്ചെന്ന് റാവു ആരോപിച്ചു. ഭോപ്പാലിൽ പ്രസ് കോൺഫറൻസിനിടെയായിരുന്നു വിവാദപ്രസ്താവന. ബിജെപി പട്ടികജാതി പട്ടികവിഭാഗങ്ങളെ ലക്ഷ്യം വെച്ച് കൂടുതൽ പദ്ധതികൾ ആവിഷ്്ക്കരിക്കുമെന്നും അത് വോട്ട്ബാങ്ക് ലക്ഷ്യം വെച്ചല്ലെന്നും റാവു വ്യക്തമാക്കി. എന്നാൽ ഒരേസമയം ഉന്നതവിഭാഗങ്ങളെയും പിന്നാക്കവിഭാഗങ്ങളെയും ലക്ഷ്യം വെയ്ക്കുന്ന പുതിയ രീതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് റാവുവിന്റെ വിവാദ പ്രസ്താവന. 

പ്രസ്താവനയ്ക്കു പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കൾ സോഷ്യൽമീഡിയയിലൂടെ വിമർശനവുമായി രംഗത്തെത്തി. ‘സബ്കാ സാത് സബ്കാ വികാസ്’ എന്നു പറയുകയും ബ്രാഹ്മണരും ബനിയാസും കുർത്തയുടെ പോക്കറ്റിലാണെന്നു പറയുകയും ചെയ്യുന്നത് സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും വിമര്‍ശനമുയർന്നു. ഈ വിഭാഗങ്ങളോടെല്ലാം മുരളീധർ റാവു മാപ്പ് പറയണമെന്ന് കോൺഗ്രസ് പ്രസിഡണ്ട് കമൽനാഥ് പ്രതികരിച്ചു.