നിർത്താതെ മഴ; ചെന്നൈ വെള്ളത്തിൽ മുങ്ങി; ജലസംഭരണികള്‍ തുറന്നുവിട്ടു

രാത്രി മുഴുവന്‍ നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം മുങ്ങി. പ്രധാന പാതകളടക്കം വെള്ളത്തിനടയിലായതോടെ ഗതാഗതം താറുമാറായി. മുന്‍കരുതല്‍ നടപടികളായി ജലസംഭരണികള്‍ തുറന്നുവിട്ടു. സബേര്‍ബന്‍ ട്രെയിന്‍ സര്‍വീസും തടസപ്പെട്ടു.

രാത്രി മുഴുവന്‍ നിര്‍ത്താതെ മഴ പെയ്തതോടെ ചെന്നൈ ഉണര്‍ന്നെഴുന്നേറ്റത് ഇത്തരം വെള്ളക്കെട്ടിലേക്കാണ്. മിക്ക റോഡുകളിലും ഒരടിയിലേറെ വെള്ളം ഉയര്‍ന്നു. കടകളിലുംഫ്ലാറ്റുകളുടെയും വീടുകളുടെയും താഴത്തെ നിലകളിലും  ശുചിമുറിമാലിന്യങ്ങള്‍ കലര്‍ന്ന വെള്ളമെത്തിയതോടെ ജീവിതം ദുരിതത്തിലായി. ഒന്‍പതു മണിയോടെയാണു മഴയ്ക്കു നേരിയ കുറവുണ്ടായത്. ട്രാക്കുകള്‍ വെള്ളത്തിലായതോടെ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി.ചെന്നൈ താമ്പരം, ചെന്നൈ– ചെങ്കല്‍പേട്ട് റൂട്ടുകളിലെ സബേര്‍ബണ്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. നാളെ രാവിലെ വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയ്ക്കു പുറമെ സമീപ ജില്ലകളായ ചെങ്കല്‍പേട്ട് ,തിരുവെള്ളൂര്‍ കാഞ്ചിപുരം ജില്ലകളിലും മഴ ശക്തമാണ്. കാഞ്ചിപുരത്തും ചെങ്കല്‍പേട്ടിലും മധുരയിലും ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചു.നീരൊഴുക്കു വര്‍ധിച്ചതിനെ തുടര്‍ന്നാണ് പ്രധാന ജലസംഭരണികളായ ചെമ്പരപ്പാക്കം പുഴല്‍ തടാകങ്ങളുടെ ഷട്ടറുകള്‍ തുറന്നത്. ചെമ്പരപാക്കത്ത് നിന്ന് സെക്കന്റില്‍ 157 ഘനയടി വെള്ളമാണ് കൂവം പുഴയിലൂടെ ഒഴുക്കിവിടുന്നത്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപെടേണ്ടന്ന് കോര്‍പ്പറേഷന്റെ അറിയിച്ചു. പുഴല്‍ തടാകത്തില്‍ നിന്നുള്ള വെള്ളം ഒഴുകിപോകുന്ന തിരുവെള്ളൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. 2015 ലെ പ്രളയത്തിനുശേഷം നഗരത്തിലുണ്ടാകുന്ന ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ രാത്രിയുണ്ടായത്.