വിവാഹാഭ്യർഥന; നീരവ് മോദിയിൽ നിന്ന് വാങ്ങിയ വജ്രമോതിരം വ്യാജം; പ്രണയം തകർന്ന് യുവാവ്

ഇന്ത്യയിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ വലയിൽ വീണ് കനേഡിയൻ സ്വദേശിയും. നീരവിന്റെ പക്കൽ നിന്ന് വാങ്ങിയ രണ്ട് വജ്രമോതിരങ്ങൾ വ്യാജമാണെന്ന് പോൾ അൽഫോന്‍സോയുടെ പരാതിയിൽ പറയുന്നു. 1.4 കോടി രൂപയാണ് രണ്ട് മോതിരങ്ങളുടെയും വില. 

കാമുകിയോട് വിവാഹാഭ്യർഥന നടത്തുന്നതിനാണ് അൽഫോൻസോ നീരവ് മോദിയിൽ നിന്ന് മോതിരം വാങ്ങിയത്. തട്ടിപ്പ് വാർത്തകളെക്കുറിച്ച് ഇയാൾക്ക് അറിയില്ലായിരുന്നു. വിവാഹാഭ്യർഥന നടത്തിയ ശേഷമാണ് മോതിരങ്ങൾ വ്യാജമാണെന്ന് മനസ്സിലായത്. ഇതോടെ പ്രണയബന്ധവും തകർന്നു. 

2012ലാണ് അൽഫോൻസോ നീരവ് മോദിയെ പരിചയപ്പെടുന്നത്. മുതിർന്ന സഹോദരനെപ്പോലെയായിരുന്നു നീരവ് എന്ന് ഇയാൾ പറയുന്നു. ഈ വർഷം മേയിൽ വിവാഹ നിശ്ചയം നടത്തുന്നതിനു രണ്ടു പ്രത്യേക മോതിരങ്ങൾ‌ വേണമെന്നാവശ്യപ്പെട്ട് ഇയാൾ നീരവിന് ഇമെയിൽ അയച്ചിരുന്നു. ഉന്നത നിലവാരത്തിലുള്ളതെന്ന് അവകാശപ്പെട്ടാണു മോതിരം കൈമാറിയത്.

തന്നെ ഓർത്തതിന് നന്ദി അറിയിച്ച് നീരവ് മോദി മറുപടിയും നൽകിയിരുന്നു. അൽഫോൻസോയുടെ കാമുകിക്ക് മറ്റൊരു മോതിരം കൂടി ഇഷ്ടപ്പെട്ടിരുന്നു, അതിനാൽ രണ്ട് മോതിരത്തിന്റെയും തുക ഹോങ്കോങ്ങിലെ അക്കൗണ്ട് വഴി കൈമാറി. ജൂണിൽ മോതിരങ്ങൾ ലഭിക്കുകയും ചെയ്തു. 

നീരവ് മോദിക്കെതിരെ കാലിഫോര്‍ണിയയിൽ കേസ് ഫയൽ ചെയ്തതായും അൽഫോൻസോ അറിയിച്ചു.