‘ഇന്ത്യയിലെ ജയിലിൽ കൊല്ലപ്പെടും, അല്ലെങ്കിൽ ജീവനൊടുക്കും’; ഭയമാണെന്ന് നീരവ് മോദി

ഇന്ത്യയ്ക്കു കൈമാറിയാൽ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്യുമെന്നു പിടികിട്ടാപ്പുള്ളിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ നീരവ് മോദി, നിലവിൽ ലണ്ടനിലെ ജയിലിലാണ്. ഇവിടെവച്ച് മാനസികാരോഗ്യ വിദഗ്ധനോടു സംസാരിക്കുമ്പോഴാണു ജീവനു ഭീഷണിയുള്ളതായി ആരോപിച്ചത്.

നീരവിനെ വിട്ടുകിട്ടണമെന്നു യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയ്ക്കു കൈമാറണമെന്ന കീഴ്‍ക്കോടതി ഉത്തരവിനെതിരെ ലണ്ടനിലെ മേൽക്കോടതിയെ സമീപിച്ചിരിക്കുകയാണ് നീരവ്. ‘മുംബൈയിലെ ആർതർ റോ‍ഡ് ജയിലിൽ വാതിലിലും ടാപ്പുകളിലുമായി നിരവധി പേർ നേരത്തേ ആത്മഹത്യ ചെയ്തതായി നീരവിന് അറിയാം. ഇന്ത്യയിലെ ജയിലിൽ കൊല്ലപ്പെടുമെന്നു നീരവ് ഭയക്കുന്നു. ഇന്ത്യയ്ക്കു കൈമാറിയാൽ ആത്മഹത്യ ചെയ്തേക്കുമെന്നും ആശങ്കയുണ്ട്’– ജയിലിലെ മനോരോഗ വിദഗ്ധൻ പ്രഫ. ആൻഡ്രൂ ഫോറസ്റ്റർ ഹൈക്കോടതിയിൽ പറഞ്ഞു.

‘നീരവിനു ഗുരതരമായ അസുഖങ്ങളുണ്ട്. രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജീവിതത്തെപ്പറ്റി നിരാശനായ നീരവ് നാലു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൊല്ലപ്പെടുമെന്ന കടുത്ത ആശങ്കയിലാണ്. നീരവിനു മിതമായ തോതിൽ വിഷാദരോഗമുണ്ട്. ഇന്ത്യയിലെ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റിയാൽ കാര്യങ്ങൾ ഗുരുതരമാകാനാണു സാധ്യത. ജയിലിൽ നീരവിനായി അധിക സൗകര്യങ്ങൾ ഒരുക്കുമെന്ന വാഗ്ദാനം ഇന്ത്യൻ സർക്കാർ പാലിച്ചിട്ടില്ല’– ആൻഡ്രൂ ഫോറസ്റ്റർ വ്യക്തമാക്കി.

നീരവ് മോദിയുടെ 250 കോടി രൂപയുടെ ആസ്തി കൂടി അടുത്തിടെ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതോടെ നീരവിന്റെ കണ്ടുകെട്ടിയ ആസ്തിയുടെ ആകെ മൂല്യം 2,650 കോടി കവിഞ്ഞു. സിബിഐയും ഇഡിയും അന്വേഷിക്കുന്ന കേസുകളിൽ ബാങ്ക് വായ്പാതട്ടിപ്പും കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമാണ് നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരെയുള്ളത്. 2018ലാണ് ഇവർ ഇന്ത്യയിൽനിന്നും മുങ്ങിയത്.