‘കൂടുതല്‍ കുട്ടികളുള്ളവര്‍ എന്നത് മുസ്‍ലിംകളാണെന്ന് പറഞ്ഞിട്ടില്ല’; മോദി

PTI05_14_2024_000341A
Giridih: Prime Minister Narendra Modi addresses a public meeting for Lok Sabha elections, in Giridih district, Tuesday, May 14, 2024. (PTI Photo)(PTI05_14_2024_000341A)
SHARE

കൂടുതല്‍ കുട്ടികളുള്ളവര്‍ എന്നത് മുസ്‍ലിംകളെ ഉദ്ദേശിച്ചാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ ഹിന്ദുക്കളെന്നോ, മുസ്‍ലിംകളെന്നോ പറഞ്ഞിട്ടില്ലെന്ന് വിവാദ പരാമര്‍ശത്തില്‍ മോദി വിശദീകരിക്കുന്നു. ഹിന്ദു, മുസ്‍ലിം രാഷ്ട്രീയം കളിക്കുന്ന ദിവസം തനിക്ക് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

രാജസ്ഥാനിലെ ബന്‍സ്‍വാഡയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പ്രസംഗം ഏറെ വിവാദമായിരുന്നു. എന്നാല്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ എന്ന പരാമര്‍ശം മുസ്‍ലിംകളെക്കുറിച്ചാണ് എന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു. ഇത്തരം വിലയിരുത്തലുകള്‍ മുസ്‍ലിംകളോടുള്ള അനീതിയാണ്. ദരിദ്ര കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടുതലാണ്. അത് ഏത് സമുദായത്തിലായാലും. താന്‍ ഹിന്ദുക്കളെന്നോ, മുസ്‍ലിംകളെന്നോ പറഞ്ഞിട്ടില്ല. കുട്ടികളുടെ എണ്ണം കൂടുമ്പോള്‍ അവരെ പഠിപ്പിക്കാനോ ശരിയായി വളര്‍ത്താനോ കഴിയില്ല. കുട്ടികളെ സര്‍ക്കാര്‍ നോക്കേണ്ട സാഹചര്യമുണ്ടാകരുതെന്നാണ് താന്‍ പറഞ്ഞതെന്ന് മോദി വിശദീകരിക്കുന്നു. ഹിന്ദു മുസ്‍ലിം രാഷ്ട്രീയം കളിക്കുന്ന ദിവസം പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ല.

 2002ല്‍ ഗോധ്ര സംഭവത്തിന് ശേഷം തന്‍റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമം നടന്നുവെന്നും മോദി. താന്‍ ജനിച്ചുവളര്‍ന്നത് മുസ്‍ലിം കുടുംബങ്ങള്‍ക്കിടയിലാണ്. പെരുന്നാള്‍ ദിവസം വീട്ടില്‍ ഭക്ഷണമെത്തിയിരുന്നത് മുസ്‍ലിം കുടുംബങ്ങളില്‍ നിന്നായിരുന്നു. തന്‍റെ സര്‍ക്കാരിന്‍റെ വികസന, സമൂഹികക്ഷേമ പദ്ധതികള്‍ മതം നോക്കാതെയാണ് നടപ്പാക്കുന്നത്. താന്‍ ജനാധിപത്യവാദിയാണ്. രാജ്യത്ത് ശക്തമായ പ്രതിപക്ഷം വേണമെന്നാണ് തന്‍റെ ആഗ്രഹം. ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയെന്ന ശരദ് പവാറിന്റെ ആശയത്തെ പിന്തുണയ്ക്കുന്നു. പാര്‍ലമെന്‍റില്‍ പ്രതിപക്ഷ നേതൃപദവി ഒരു പാര്‍ട്ടിക്കും ഇല്ലാത്ത അവസ്ഥയ്ക്ക് ഇത് പരിഹാരമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.   

MORE IN INDIA
SHOW MORE