ചായ ഉണ്ടാക്കി മോദിയെ 'ട്രോളി' തൃണമൂൽ എംപി മഹുവ മൊയ്ത്ര

ബിജെപിയെ വിമർശിച്ച് രംഗത്തെത്തി ശ്രദ്ധേയായ ആളാണ് ബംഗാളിൽ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര.  ഏറ്റവുമൊടുവിൽ വഴിയരികിൽ ചായ ഉണ്ടാക്കുന്ന വിഡിയോ ട്വീറ്റ് ചെയ്താണ് മഹുവ പരിഹാസവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ പങ്ക് വച്ച വിഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു.

ചെറുപ്പത്തിൽ ചായക്കടക്കാനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഒളിയമ്പ് കൂടിയായിരുന്നു മഹുവയുടെ ട്വീറ്റ്. ചായ ഉണ്ടാക്കുന്നത് തന്നെ എവിടേക്ക് നയിക്കുമെന്ന് ആര്‍ക്കറിയാം എന്ന അടിക്കുറിപ്പിലാണ് എംപി വിഡിയോ പങ്ക് വച്ചത്. തന്റെ മണ്ഡലമായ ക‍‌ൃഷ്ണനഗറിലെ ചായക്കടയില്‍ നിന്നായിരുന്നു ‍ദൃശ്യങ്ങൾ. 

ഏറെ പെട്ടെന്ന് വൈറലായ വിഡിയോക്ക് താഴെ കമന്റുമായി മുൻ ബിജെപി നേതാവും സുബാഷ് ചന്ദ്ര ബോസിന്റെ ചെറുമകനുമായ ചന്ദ്രകുമാർ ബോസ് രംഗത്തെത്തി. 'ഇത് നിങ്ങളെ എവിടെക്ക് കൊണ്ട് പോകുമെന്ന് നിങ്ങൾക്കറിയാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.