പരസ്യബോര്‍ഡ് തകര്‍ന്ന് മരിച്ച 2 പേരുടെ മൃതദേഹം കൂടി കണ്ടെത്തി

collapse-death
SHARE

മുംബൈ ഘാട്കോപ്പറില്‍ പെട്രോള്‍ പമ്പിന് മുകളിലേക്ക് പരസ്യബോര്‍‌ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 16 ആയി. ഇന്ന് രാവിലെ എന്‍ഡിആര്‍എഫ് സംഘം രണ്ട് മ‍ൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് ഇരുമ്പ് പില്ലറുകള്‍ നീക്കുന്ന ദൗത്യം മൂന്നാംദിവസവും തുടരുകയാണ്. അതേസമയം, പരസ്യബോര്‍ഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ പീഡനക്കേസ് പ്രതിയായിരുന്നെന്ന കണ്ടെത്തല്‍ രാഷ്ട്രീയ ആയുധമായി മാറി.

തകര്‍ന്നു കിടക്കുന്ന വാഹനങ്ങളുടെ അടിയില്‍ ഇനി ആരും ഉണ്ടാകില്ലെന്ന പ്രതീക്ഷ പൊലിഞ്ഞു. രാവിലെ പുനരാംരംഭിച്ച ദൗത്യത്തിനിടെ രണ്ട് മൃതദേഹങ്ങള്‍ കൂടി എന്‍ഡിആര്‍എഫ് സംഘം കണ്ടെത്തി. ഇതോടെ മരണസംഖ്യ16 ആയി ഉയര്‍ന്നു. ഇന്ധനത്തില്‍ നിന്ന് അപകട സാധ്യതയുള്ളതിനാല്‍ അതീവ സുരക്ഷയിലാണ് ഗ്യാസ് കട്ടര്‍ കൊണ്ട് പരസ്യബോര്‍ഡിന്‍റെ ഇരുമ്പ് പില്ലറുകള്‍ മുറിച്ചുമാറ്റുന്നത്. പില്ലറുകള്‍ ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് നീക്കി തകര്‍ന്ന വാഹനങ്ങള്‍ പുറത്തെടുക്കുന്ന ദൗത്യം മൂന്നാംദിവസവും പുരോഗമിക്കുകയാണ്. പരുക്കേറ്റ ആശുപത്രിയില്‍ കഴിയുന്ന 44 പേരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം, സംഭവത്തില്‍ മുംബൈ കോര്‍പ്പറേഷന്‍റെ ഗുരുതരമായ അലംഭാവമാണ് പുറത്തുവരുന്നത്. 

അനുമതിയില്ലാതെ 120 അടി വലുപ്പമുള്ള പരസ്യബോര്‍ഡ് സ്ഥാപിച്ച ഇഗോ മീഡിയ കമ്പനിയുടെ ഉടമ ഭാവേഷ് ഭിന്‍ഡെക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. പല തവണ നോട്ടിസ് നല്‍കിയിട്ടും മറുപടിയുണ്ടായില്ലെന്നാണ് ബിഎംസിയുടെ ന്യായീകരണം. ബിപിസിഎല്‍ പമ്പിന്‍റെ നടത്തിപ്പ്ചുമതലക്കാരായ റെയില്‍വേ പൊലീസ് സഹകരണസംഘവും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് ആരോപണമുണ്ട്. അതിനിടെ, പരസ്യബോര്‍ഡ് സ്ഥാപിച്ച ഭാവേഷ് ഭിന്‍ഡെക്കെതിരെ നേരെത്തെയുണ്ടായ പീഡനക്കേസും മറ്റ് സാമ്പത്തിക തട്ടിപ്പുകേസുകളും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമുള്ള ഭാവേഷിന്‍റെ ചിത്രം പുറത്തുവിട്ട് ഇത് രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി.

MORE IN INDIA
SHOW MORE