ചരിത്രവിധി വന്നപ്പോള്‍ മനംമാറ്റം; ഹര്‍ജി തെറ്റായിപ്പോയെന്ന് അഭിഭാഷക, വിഡിയോ

സുപ്രീംകോടതിയുടെ ചരിത്രവിധിയില്‍ ഹര്‍ജിക്കാര്‍ക്കിടയില്‍ സമ്മിശ്രപ്രതികരണം. വിധിയെ സ്വാഗതം ചെയ്ത ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍ പ്രതിനിധി അഡ്വക്കേറ്റ് ഭക്തി പര്‍സേജ വൈകാതെ ശബരിമല സന്ദര്‍ശിക്കുമെന്ന് മനോരമന്യൂസിനോട് പ്രതികരിച്ചു. എന്നാല്‍ ഹര്‍ജി നല്‍കിയത് തെറ്റായിപ്പോയെന്ന് മറ്റൊരു ഹര്‍ജിക്കാരി പ്രേരണകുമാരി വ്യക്തമാക്കി.

2006 ജൂലൈയിലാണ് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്റെ ഭാരവാഹികളും വനിതാ അഭിഭാഷകരുമായ ഭക്തിപര്‍സേജയും പ്രേരണകുമാരിയും സുപ്രീംകോടതിയെ സമീപിക്കുന്നത്. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവര്‍ പോരാട്ടം തുടങ്ങിയത്. പന്ത്രണ്ട് വര്‍ഷത്തിനിപ്പുറം കോടതി ചരിത്രവിധി പുറപ്പെടുവിക്കുമ്പോള്‍ പ്രേരണകുമാരി നിലപാട് മാറ്റിയിരിക്കുന്നു. ഹര്‍ജി നല്‍കിയത് തെറ്റായിപ്പോയെന്നാണ് പ്രേരണയുടെ പക്ഷം. 

അതേസമയം, വിധിയെ പൂര്‍ണമായി സ്വാഗതം ചെയ്ത ഭക്തി പ്രസേജ, വിധി വന്ന പശ്ചാത്തലത്തില്‍ വൈകാതെ ശബരിമല സന്ദര്‍ശിക്കുമെന്ന് പറഞ്ഞു. 

ചരിത്രവിധി ഇങ്ങനെ: 

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കുനീക്കി സുപ്രീംകോടതിയുടെ ചരിത്രവിധി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും മലചവിട്ടാമെന്ന് ഭരണഘടനാബഞ്ച് വിധിച്ചു. ആര്‍ത്തവം തുടങ്ങിയ ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും, പ്രാര്‍ഥിക്കാന്‍ സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശമുണ്ടെന്നും കോടതി വിധിച്ചു. അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍, ബെഞ്ചിലെ ഏകവനിതാജഡ്ജി ഇന്ദു മല്‍ഹോത്ര എതിര്‍ത്തു.

ആചാരങ്ങളും ലിംഗനീതിയും ഏറ്റുമുട്ടിയ കേസില്‍ ഒടുവില്‍ ലിംഗനീതിക്ക് അംഗീകാരം. ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീപ്രവേശനം വിലക്കിയ 1965ലെ കേരള ക്ഷേത്രപ്രവേശനചട്ടത്തിലെ മൂന്ന് (ബി) ചട്ടം റദ്ദാക്കികൊണ്ടാണ് ചരിത്രവിധി. പത്തിനും അന്‍പതിനുമിടയില്‍ പ്രായമുളള സ്ത്രീകളെ ശാരീരികാവസ്ഥയുടെ പേരില്‍ വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കറും ഒരുമിച്ചെഴുതിയ വിധിയില്‍ വ്യക്തമാക്കി. പ്രവേശനവിലക്ക് മതവിശ്വാസത്തിന്‍റെ സുപ്രധാനഘടകമല്ല. മതത്തിലൂന്നിയ പുരുഷാധിപത്യമാണ് പ്രവേശനവിലക്കിനുള്ള മൂലകാരണം. സ്ത്രീയുടെ പ്രാര്‍ഥനാസ്വാതന്ത്ര്യത്തെ വിശ്വാസത്തിന്‍റെ േപരില്‍ നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ഹിന്ദുമതവിശ്വാസത്തിന്‍റെ പ്രധാനഭാഗമായ ക്ഷേത്രദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കും സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന് നാല് ജഡ്ജിമാരും ഒറ്റസ്വരത്തില്‍ പറഞ്ഞു.

അയ്യപ്പഭക്തരെ പ്രത്യേകവിഭാഗമായി കാണാന്‍ കഴിയില്ല. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്നത് ഭരണഘടനാ ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. ആള്‍ക്കൂട്ട ധാര്‍മികതയെ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.