30 ലക്ഷം കെട്ടിവയ്ക്കേണ്ട; മണിച്ചനെ മോചിപ്പിക്കാന്‍ ഉത്തരവ്

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടൻ ജയിൽ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. പിഴ അടയ്ക്കാത്തിന്റെ പേരിൽ മോചനം നിഷേധിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രംനാഥ്‌ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വ്യാജമദ്യം തടയാൻ കഴിയാത്ത സർക്കാർ ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകിക്കൂടെയെന്നും കോടതി ആരാഞ്ഞു. വിഷമദ്യക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷയാണ് സുപ്രീംകോടതിയെ സമീപിച്ചത്. തുക കെട്ടിവയ്ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ശിക്ഷയുടെ ഭാഗമായി വിധിച്ച പിഴ അടച്ചില്ലെങ്കിൽ 22 വർഷവും ഒൻപത് മാസവുംകൂടി ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. പിഴ മണിച്ചൻ അടച്ചാൽ ആ തുക മദ്യ ദുരന്ത കേസിലെ ഇരകൾക്ക് കൈമാറുമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. 

കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയിൽ എത്തിയത്. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ പിഴ അടയ്ക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തു. വ്യാജമദ്യം തടയാൻ കഴിയാത്ത സർക്കാർ ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകിക്കൂടെയെന്നും കോടതി ആരാഞ്ഞു. മോചിപ്പിക്കാൻ 30.45 ലക്ഷം കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ ഒഴിവായതോടെ മണിച്ചന്റെ മോചനം ഇനി ഉടൻ സാധ്യമായേക്കും. മണിച്ചന്റെ സഹോദരങ്ങളായ വിനോദ് കുമാർ, മണികണ്ഠൻ എന്നിവരെയും ശിക്ഷാ ഇളവു നൽകി നേരത്തെ ജയിലിൽനിന്ന് വിട്ടയച്ചിരുന്നു. 2000 ഒക്ടോബർ 21നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. 

Supreme Court orders to release Manichan