പലവട്ടം നിരോധിച്ചു; എന്നിട്ടും നാടുനീങ്ങാത്ത ‘രണ്ടുവിരല്‍’ പരിശോധന: അധിനിവേശപരം

‘ബലാൽസംഗമോ ലൈംഗികാതിക്രമമോ  ആരോപിക്കുന്ന കേസുകളിൽ രണ്ട് വിരൽ പരിശോധനയുടെ ഉപയോഗം കോടതി വീണ്ടും വീണ്ടും നിരാകരിക്കുന്നു. ടെസ്റ്റ് എന്ന് വിളിക്കപ്പെടുന്നതിന് ശാസ്ത്രീയ അടിത്തറ പോലുമില്ല. ബലാൽസംഗത്തെ അതിജീവിച്ചവരെ പരിശോധിക്കുന്നതിനുള്ള ഒരു അധിനിവേശ രീതിയാണത്.’

രണ്ടുവിരൽ പരിശോധനയെ നിരോധിച്ച് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹിലി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു. ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളിൽ പരിശോധന നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്നും മെഡിക്കൽ കോളജുകളുടെ പാഠ്യപദ്ധതിയിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും ബെഞ്ച് കർശനമായി നിർദേശിക്കുകയും ചെയ്തു. മറ്റൊരു ബലാൽസംഗ കേസിൽ വിധി പറയുന്നതിനിടെയാണ് രണ്ടുവിരൽ പരിശോധനയെ കോടതി രൂക്ഷമായി എതിർക്കുന്നതും നിരോധിക്കുന്നതും.

എന്താണ് രണ്ട് വിരൽ പരിശോധന.? 

ലൈംഗിക അതിക്രമത്തിന് ഇരയായവരെ പരിശോധിക്കുന്ന പ്രാകൃത രീതിയാണിത്. ഇരയാക്കപ്പെട്ട സ്ത്രീകളുടെ ലൈംഗികാവയവത്തിൽ ഒന്നോ രണ്ടോ വിരലുകൾ പ്രവേശിപ്പിച്ച് മസിലുകളുടെ ബലം നോക്കി കന്യാകത്വം പരിശോധിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കന്യാചർമവും യോനീ ഭിത്തിയുമാണ് ഇവിടെ പരിശോധിക്കപ്പെടുക. പരിശോധിക്കുന്ന ഡോക്ടർമാരുടെ വിരലുകൾ യോനിയിൽ എളുപ്പത്തിൽ പ്രവേശിക്കുന്നുണ്ടെങ്കിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന് വിലയിരുത്തപ്പെടും. യാതൊരു ശാസ്ത്രീയമായ അടിത്തറയും ഇല്ലാത്ത പരിശോധന ഇന്ത്യയിൽ പലയിടങ്ങളിലും വ്യാപകമായി നടക്കുന്നുണ്ട്. കന്യാചർമ്മവും മസിലും ലൈംഗികബന്ധത്തിലൂടെ മാത്രമല്ല ബാധിക്കപ്പെടുക എന്ന വാസ്തുത നിലനിൽക്കേ, അതിജീവതമാരെ അപമാനിക്കലാണ് ഈ പരിശോധന വഴി നടക്കുന്നത്.

ഇന്ത്യയിൽ മുമ്പും നിരോധിക്കപ്പെട്ടു 

രണ്ടുവിരൽ പരിശോധനയെ 2013 ൽ തന്നെ സുപ്രീം കോടതി നിരോധിച്ചിരുന്നു. ജസ്റ്റിസ് ബി.എസ് ചൗഹാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഭരണഘടന വിരുദ്ധമെന്ന് പ്രസ്താവിച്ചായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. 2010 ൽ മഹാരാഷ്ട്ര സർക്കാറും ഇത് നിരോധിച്ചു. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചിൽ ഡോ. രഞ്ജന പർദ്ദി സമർപ്പിച്ച പൊതു താൽപര്യ ഹർജിയെ തുടർന്ന് സംസ്ഥാന സർക്കാർ എട്ടംഗ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം. 2020 ജനുവരിയിൽ ഗുജറാത്ത് ഹൈക്കോടതി രണ്ടുവിരൽ പരിശോധനയെ പുരാതനവും കാലഹരണപ്പെട്ടതുമാണെന്ന് വിശേഷിപ്പിച്ചു. ഈ പരിശോധന അന്തസ്സിനുള്ള അതിജീവതയുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ത്തി. രണ്ടു വിരല്‍ പരിശോധന ഭരണഘടനാ വിരുദ്ധവും അധിനിവേശപരവുമാണെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം പരിശോധനകൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ തമിഴ്നാട് സർക്കാരിനോട്  ഹൈക്കോടതി ആവിശ്യപ്പെട്ടു.

ഐക്യരാഷ്ട്ര സഭയുടെ എതിര്‍പ്പും ശക്തം

കന്യാകത്വ പരിശോധനയ്ക്കെതിരെ WHO, UN women and Population Fund എന്നിവരും ശക്തമായി രംഗത്തെത്തിയിരുന്നു. 2014 ൽ Health Care for Women Subjected to Intimate Partner എന്ന ഹാൻഡ്ബുക്കിലൂടെയാണ് ഇതിനെതിരെ പ്രചരണം ശക്തമാക്കിയത്. രണ്ട് വിരൽ പരിശോധന വേദനാജനകവും അപമാനകരവുമാണെന്നായിരുന്നു പ്രധാന വാദം. സമൂഹമാധ്യമങ്ങള്‍ വഴി കാമ്പയിനിലൂടെ പ്രചരണം ശക്തമാക്കുകയും ചെയ്തു.

ജസ്റ്റിസ്‌ വർമ കമ്മിറ്റി

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്‌ ജെ.എസ്.വർമ്മയുടെ നേതൃത്വത്തിലുള്ള വർമ്മ കമ്മിറ്റി 2013ൽ സമർപ്പിച്ച റിപ്പോർട്ടിൽ രണ്ടുവിരൽ പരിശോധനയെ രൂക്ഷമായി എതിർക്കുന്നുണ്ട്. യോനിയിലെ ഇൻട്രോയിറ്റസിന്റെ വലുപ്പത്തിന് ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ ഒരു ബന്ധവുമില്ലെന്നും യോനിയിലെ പേശികളുടെ അയവ് കണ്ടെത്തുന്ന ഇത്തരം പരിശോധനകൾ ഒരിക്കലും നടത്തരുതെന്നും നിയമപ്രകാരം നിരോധിക്കണമെന്നും കമ്മിറ്റി റിപ്പോർട്ടിലൂടെ ആവശ്യപ്പെട്ടു. വർമ്മ കമ്മിറ്റി ശുപാർശയോടെയാണ് Criminal Laws (Amendment ) Act 2013 ലൂടെ രണ്ട് വിരൽ പരിശോധന നിയമവിരുദ്ധമാക്കുന്നത്.

Explainer on two finger virginity test ban