ഹിജാബ് നിരോധനം കടന്നുകയറ്റം; മൗലിക അവകാശങ്ങളുടെ ലംഘനം: ജസ്റ്റിസ് ധൂളിയ

ഹിജാബ് കേസില്‍ സുപ്രധാന പരാമര്‍ശങ്ങളുമായി ജസ്റ്റിസ് ധൂളിയ. വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഹിജാബ് നിരോധനം മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് ജസ്റ്റിസ് ധൂളിയ വ്യക്തമാക്കി. സ്കൂള്‍ ഗേറ്റില്‍ ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടത് അന്തസ്സിനും സ്വകാര്യതയ്ക്കും മേലുള്ള കടന്നുകയറ്റമെന്നും പരാമര്‍ശം. ഡ്രസ് കോഡാണോ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണോ പ്രധാനം എന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യം കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വിധിയില്‍ ആവശ്യപ്പെടുന്നു. ഹിജാബ് ധരിക്കുന്നത് എങ്ങനെ പൊതുക്രമത്തിനും സഭ്യതയ്ക്കും ആരോഗ്യത്തിനും എതിരാകും എന്നും ചോദ്യമുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം. 

  എന്നാല്‍, സ്കൂള്‍ യൂണിഫോം മതേതര അന്തീക്ഷം സൃഷ്ടിക്കാനെന്ന് ജസ്റ്റിസ് ഗുപ്തയുടെ നിലപാട്. പൊതുപണം കൊണ്ട് പ്രവര്‍ത്തിക്കുന്ന മതേതര സ്കൂളില്‍ മതവിശ്വാസം നടപ്പാക്കാനാകില്ല. സിഖുകാരുടെ തലപ്പാവും ഹിജാബും താരതമ്യപ്പെടുത്താനാകില്ല എന്നും അദ്ദേഹം പറഞ്ഞു. 

കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് നിരോധത്തില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചില്‍ ഭിന്നവിധിയാണ് രാവിലെ ഉണ്ടായത്. ഹിജാബ് നിരോധത്തെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അനുകൂലിച്ചപ്പോള്‍ നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധി ജസ്റ്റിസ് സുധാന്‍ഷു  ധൂളിയ റദ്ദാക്കി. ഇതോടെ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടുന്നതില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. ഇതിനിടെ, നിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.