ഭാരതബന്ദിൽ വഴിതടയലിൽ കുരുങ്ങി; രണ്ടുവയസ്സുകാരി മരിച്ചു; പ്രതിഷേധം

ഭാരതബന്ദുമായി ബന്ധപ്പെട്ട പ്രകടനം മൂലം ആശുപത്രിയിലെത്തിക്കാൻ വൈകിയ രണ്ടുവയസ്സുകാരി മരിച്ചെന്ന് പരാതി. ബിഹാറിലെ ജെഹൻബാദ് ജില്ലയിലാണ് സംഭവം. 

വയറിളക്കം മൂലം ഞായറാഴ്ച രാത്രിയോടെ കുഞ്ഞിന്റെ നില വഷളായതായി പിതാവ് പ്രമോദ് മാജി പറയുന്നു. തിങ്കളാഴ്ച രാവിലെയോടെ ക‌ുഞ്ഞുമായി ജില്ലയിൽ തന്നെയുള്ള ആശുപത്രിയിലേക്ക് പ്രമോദ് തിരിച്ചു. 

വഴിയിൽ ബന്ദുമായി ബന്ധപ്പെട്ട പ്രകടനം നടക്കുകയായിരുന്നു. വാഹനങ്ങളെല്ലാം തടഞ്ഞു. 

പിന്നീടേറെ വൈകിയാണ് വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയത്. 

സമയത്ത് ആശുപത്രിയിലെക്കാത്തതിനാലാണ് കുഞ്ഞ് മരിച്ചതെന്ന് പ്രമോദ് പറയുന്നു.

എന്നാൽ പ്രമോദിനെ തള്ളി ജെഹാനാബാദിലെ സിവിൽ സബ് ഡിവിഷനൽ ഓഫീസർ പാരിതോഷ് കുമാർ രംഗത്തെത്തി. കുഞ്ഞിന്റെ മരണത്തിന് ബന്ദുമായോ ഗതാഗതക്കുരുക്കുമായോ ബന്ധമില്ല. വീട്ടിൽ നിന്നുമിറങ്ങാൻ വൈകിയതിന് ബന്ദിനെ പഴിച്ചിട്ട് കാര്യമില്ല, പാരിതോഷ് കുമാർ പ്രതികരിച്ചു. 

കുഞ്ഞിന്റെ മരണത്തെത്തുടർന്ന് പ്രതിപക്ഷപാർട്ടികൾക്കെതിരെ ബിജെപി രംഗത്തെത്തി. ''എന്ത് ബന്ദാണിത്? ഒരു ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. രാഹുലൽ ഗാന്ധിയും തേജസ്വി യാദവും ഉത്തരവാദിത്തമേൽക്കുമോ?'', ബിജെപി വക്താവ് സഞ്ജയ് സിങ് പ്രതികരിച്ചു. 

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. 

ആളിക്കത്തി രോഷം

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി. ഡല്‍ഹിയില്‍ 21 എന്‍ഡിഎ ഇതര കക്ഷികള്‍ കോണ്‍ഗ്രസിന്റെ ധര്‍ണയില്‍ അണിനിരന്നു. എന്നാല്‍ ഇടതു പാര്‍ട്ടികള്‍ സ്വന്തംനിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ കൊള്ളയടിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു.

രാവിലെ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് സമരഭൂമിയായ രാംലീല മൈതാനത്തിനു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്ക് പുറമേ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ലോക്താന്ത്രിക് ജനാതാദള്‍ അധ്യക്ഷന്‍ ശരത് യാദവ് എന്നിവരടക്കം പ്രമുഖ പ്രതിപക്ഷകക്ഷികളുടെ നേതാക്കള്‍ സമരത്തിനെത്തി.

പതിവില്‍നിന്ന് വിപരീതമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസിന്റെ സമരത്തില്‍ അണിനിരന്നു. കേരളത്തില്‍നിന്ന് ആര്‍എസ്പിയെ പ്രതിനിധികരിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയും സമരത്തില്‍ പങ്കെടുത്തു. ജനങ്ങളുടെ പണം കൊള്ളയിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടെന്ന് രാഹുല്‍ പറഞ്ഞു.

രൂപയുടെ മൂല്യം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഇടയുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണെന്നും അദേഹം കുറ്റപ്പെടുത്തി. ഡല്‍ഹി ജന്തര്‍മന്തിറിലായിരുന്നു ഇടതുപാര്‍ട്ടികളുടെ സംയുക്തപ്രതിഷേധം.

രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതികൊടുത്ത നരേന്ദ്രമോദിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭിന്നിപ്പുകളെ ഒഴിവാക്കി മോദിസര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളെ അണിനിരത്താന്‍ കോണ്‍ഗ്രസിനായി എന്നതാണ് സമരത്തിന്റെ നേട്ടം.