രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി കൂടുംബശ്രീ പ്രവര്‍ത്തകർ

ദുരിതജീവിതം നയിക്കുന്ന ഡല്‍ഹിയിലെ രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി കേരളത്തിലെ കൂടുംബശ്രീ പ്രവര്‍ത്തകര്‍. ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലെ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ച കോഴിക്കോട്ടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അന്തേവാസികള്‍ക്ക് ഭക്ഷണവും, വസ്ത്രങ്ങളും നല്‍കി. നിറകണ്ണുകളോടെയാണ് രോഹിങ്ക്യകള്‍ ഇവരെ സ്വീകരിച്ചത്. 

കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്‍കിയ വസ്ത്രത്തിനായി ക്യാംപിലെ അന്തേവാസികള്‍ പിടിവലികൂടുന്നതാണീ രംഗം. ഇത്രത്തോളംദയനീയമാണ് കാളിന്ദികുഞ്ചിലെ രോഹിങ്ക്യന്‍ അഭയാര്‍ഥകളുടെ ജീവിതം. കാലങ്ങളായി താമസിച്ചുവന്നിരുന്ന ക്യാംപ് കത്തിനശിച്ചതോടെ താല്‍ക്കാലികമായി നിര്‍മിച്ച ടെന്റുകളിലാണ് ഇവരുടെ താമസം. കടുത്ത വേനലും, ഇടയ്ക്ക് പെയ്യുന്ന മഴയും ജീവിതം പിന്നെയും നരകതുല്യമാക്കുന്നു. രോഹിങ്ക്യകളുടെ ദുരിതജീവിതത്തിന് അല്‍പ്പംആശ്വാസം പകരുന്നതായി കോഴിക്കോട് നിന്നുള്ള പതിമൂന്നംഗ കുടുംബശ്രീ പ്രവര്‍ത്തകരുടെ സന്ദര്‍ശനം. കഷ്ടതയനുഭവിക്കുന്ന രോഹിങ്ക്യകള്‍ക്ക് സഹായമെത്തിക്കാനായതിന്റെ സംതൃപ്തിയിലാണ് ഈ പെണ്‍ക്കൂട്ടായ്മ.

ക്യാംപിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനുവേണ്ടി ഉബൈസ് സൈനുലാബ്ദീന്‍ പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ നല്‍കിയ തയ്യല്‍ യന്ത്രങ്ങള്‍ രാജ്യസഭാ എം.പി സി.പി നാരയണന്‍ കൈമാറി.