കൗതുകവും പാഠവുമായി മൊഹമ്മദിന്റെ കളിപ്പാട്ടമാതൃക; രോഹിൻഗ്യൻ ക്യാമ്പിലെ കാഴ്ച

കുട്ടികള്‍ സ്വന്തം പ്രയത്നവും ഭാവനയും കൊണ്ട് എന്തെങ്കിലുമൊക്കെ നിര്‍മിക്കുമ്പോള്‍ അതെന്നും കൗതുകമുള്ള കാഴ്ചയാണ്. എന്നാല്‍ വസ്തുക്കള്‍ ഉണ്ടാക്കാന്‍ പോയിട്ട് ലോകത്ത് തങ്ങള്‍ ഉണ്ട് എന്നുപോലും പറയാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ എന്തെങ്കിലും അതിശയകരമായി ചെയ്താലോ. അത് കൗതുകം മാത്രമല്ല ലോകം കണ്ണും കാതും തുറന്ന് വച്ച് ഉള്‍ക്കൊള്ളേണ്ട വാര്‍ത്തയാണത്. ബംഗ്ളദേശിലെ രോഹിങ്ക്യന്‍ ക്യാമ്പില്‍ നിന്ന് അങ്ങനെയൊരു വാര്‍ത്താ കൗതുകം കാണാം. 

ഇത് മൊഹമ്മദ് തോയൂബ്. ഇപ്പോഴത്തെ തോയൂബിന്റെ മേല്‍വിലാസം മ്യാന്‍മറില്‍ ന്ന്ന് ബംഗ്ളദേശിലേക്ക് പലായനം ചെയ്ത രോഹിങ്ക്യന്‍ അഭയാര്‍ത്ഥി എന്നതാണ്. ഈ പതിനഞ്ചുകാരന്‍ പക്ഷെ നാളെകളില്‍ ആ മേല്‍വിലാസം തിരുത്തിക്കുറിച്ചേക്കാം. അവന്റെ കണ്ടുപിടുത്തമാണ് അതിന്റെ സാക്ഷ്യം. 

വെള്ളം പമ്പ് ചെയ്യുമ്പോഴുണ്ടാകുന്ന ഊര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ മാതൃകയാണ് മൊഹമ്മദ് ഉണ്ടാക്കിയിരിക്കുന്നത്. സിറിഞ്ചില്‍ വെള്ളം നിറച്ച് അതുപയോഗിച്ചാണ് വെള്ളം ചീറ്റുന്നത്. ആ ശക്തിയില്‍ യന്ത്രം പ്രവര്‍ത്തിക്കുന്നു. 2017ല്‍ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നതില്‍പ്പിന്നെ ബംഗ്ളദേശിലെ ഈ ക്യാമ്പിലാണ് മൊഹമ്ദും കുടുംബവും. മ്യാന്‍മറിലായിരുന്നപ്പോള്‍ ഒരിക്കല്‍ അവന്റെ വീടിനടുത്ത് മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിക്കുന്നത് കണ്ടതിന്റെ ഒാര്‍മയിലാണ് ഈ മാത‍ൃക ഉണ്ടാക്കിയത്. ക്യാമ്പില്‍ നിന്ന് കിട്ടിയ പൊട്ടിയ സ്റ്റീല്‍ അലുമിനിയ കഷ്ണങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. തീരെ ചെറിയ ക്ളാസ് വരെ മാത്രമെ മൊഹമ്മദിന് സ്കൂള്‍ പഠനം സാധ്യമായുള്ളൂ. പലായനത്തിന് ശേഷം ക്യാമ്പില്‍ യുണീസെഫ് ഒരുക്കിയ പരിമിതമായ വിദ്യാഭ്യാസം മാത്രമാണ് അവനും മറ്റ് കുട്ടികള്‍ക്കും കിട്ടിയിട്ടുള്ളത്. തങ്ങളുടെ കൂട്ടത്തിലെ ചേട്ടനുണ്ടാക്കിയ കളിപ്പാട്ടം കാണാന്‍ കുട്ടികള്‍ക്കും ആവേശമാണ്. ദേശവും മേല്‍വിലാസവുമൊന്നുമില്ലാതെ ഉള്ളില്‍ സ്വപ്നങ്ങളുടെ കനലെരിയിച്ച് ദശലക്ഷക്കണക്കിന് കുട്ടികളാണ് ബംഗ്ളാദേശിലെ വിവിധ ക്യാമ്പുകളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. അതുകൊണ്ട്ത്തന്നെ മൊഹമ്മദിന്റെ ഈ കളിപ്പാട്ടമാതൃക കൗതുകം മാത്രമല്ല. ഒരു പാഠം കൂടിയാണ്. ജീവിത വിജയമെന്നത് സാഹചര്യത്തിനനുസരിച്ചല്ല സംഭവിക്കുക. ഇച്ഛാശക്തികൊണ്ടാണ്.