റോഹിന്‍ഗ്യകൾക്ക് ഫ്ലാറ്റ് നൽകാൻ തീരുമാനമില്ല; നിലപാട് മാറ്റി കേന്ദ്രസര്‍ക്കാര്‍

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന തീരുമാനത്തില്‍ നിന്ന് മലക്കംമറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. താമസസൗകര്യം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും റോഹിന്‍ഗ്യകളെ തിരിച്ചയക്കാന്‍ നടപടി ആരംഭിച്ചതായും സംഘപരിവാര്‍ സംഘടനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. റോഹിന്‍ഗ്യന്‍ ക്യാംപിനെ ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളായി പ്രഖ്യാപിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു

റോഹിന്‍ഗ്യന്‍ അഭിയാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റുകളില്‍ താമസസൗകര്യം ഒരുക്കുമെന്ന് കേന്ദ്ര നഗരവികസനമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് അറിയിച്ചത്. യുഎന്‍ അഭയാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും ഫ്ലാറ്റിന് പൊലീസ് സുരക്ഷ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുഎന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനെ ഇന്ത്യ മാനിക്കുന്നു. ജാതി, മത, വര്‍ഗ ഭേദമില്ലാതെ എല്ലാവര്‍ക്കും അഭയം നല്‍കും. പൗരത്വനിയമം മതം തിരിച്ച് അഭയം നല്‍കാനാണെന്ന് വാദിച്ചവര്‍ക്ക് നിരാശപ്പെടേണ്ടിവരുമെന്നും ഹര്‍ദീപ് സിങ് പുരി വാദിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ സുരക്ഷാ ഭീഷണിയാണെന്നും അവരെ തിരിച്ചയക്കണമെന്നും ആവശ്യമുയരുന്നതിനിടെ ഈ പ്രഖ്യാപനം ഏറെ നിര്‍ണായകമായിരുന്നു.

ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടി കേന്ദ്രസര്‍ക്കാ‌രിനെ ചോദ്യം ചെയ്തു. സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ എതിര്‍പ്പുന്നയിച്ചു. ഇതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നു. താമസസൗകര്യം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. അനധികൃത കുടിയേറ്റക്കാരെ അവരുടെ നാടുകളിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. റോഹിന്‍ഗ്യകള്‍ നിലവിലെ ക്യാംപുകളില്‍ തന്നെ തുടരും.