'ഗുജറാത്ത് മോഡല്‍' ഉത്തര്‍പ്രദേശിലും; മോദി നല്‍കിയ വാഗ്ദാനം ഓര്‍മിപ്പിച്ച് മന്ത്രി

ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കണമെന്ന് മന്ത്രി റാം പ്രകാശ് രാജ്ഭര്‍. ഗുജറാത്ത് മോഡല്‍ ഉത്തര്‍പ്രദേശിലും നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

യുപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മോദി നല്‍കിയ വാഗ്ദാനം ഓര്‍മപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ''ഉത്തര്‍പ്രദേശില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം അദ്ദേഹത്തെ ഓര്‍മിപ്പിക്കുകയാണ്. മദ്യനിരോധനം നടപ്പിലാക്കി സംസ്ഥാനത്തെ വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നയിക്കേണ്ടത് അനിവാര്യമാണ്.'' ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ(എസ്ബിഎസ്പി) വനിതാസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പാര്‍ട്ടിയും ഇതുവരെ മദ്യനിരോധനം എന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും രാജ്ഭര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ എസ്ബിഎസ്പിക്ക് നാല് മന്ത്രിമാരുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അഭിപ്രായമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രാജ്ഭര്‍ പ്രതികരിച്ചു.