ജനത്തെ ‘ഇരുട്ടിലാക്കി’ പറന്നിറങ്ങാന്‍ രാജ്നാഥ് സിങ്; രോഷം; റൂട്ട് മാറ്റി മന്ത്രി

മധ്യപ്രദേശിലെ സത്ന ജില്ലയിലുള്ള ജനങ്ങളെ 24 മണിക്കൂറിലധികം ഇരുട്ടിലാക്കാനായിരുന്നു അധികൃതരുടെ തീരുമാനം. രാജ്നാഥ് സിങ്ങിന്‍റെ ഹെലികോപ്ടറിന് പറന്നിറങ്ങാന്‍ വൈദ്യുതി മുടക്കണമെന്നായിരുന്നു കാരണമായി പറഞ്ഞത്. എന്നാൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ ഗ്രാമവാസികൾ രോഷാകുലരായി പ്രതിഷേധത്തിനിറങ്ങി. ഇതേത്തുടർന്ന് ആഭ്യന്തരമന്ത്രി പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടു. 20 മിനിറ്റ് കൂടുതൽ എടുത്തെങ്കിലും വ്യോമമാർഗം എത്താനിരുന്ന മന്ത്രി കരമാർഗ്ഗം എത്തി. 

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന താക്കൂര്‍ റാൻമത്ത് സിങ്ങിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് രാജ്നാഥ് സിങ്ങ് സത്നയിലെത്തിയത്. മെയ് 19 ന് വൈകിട്ട് നാലു മണി മുതൽ 20 ന് വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങുമെന്നായിരുന്നു അറിയിപ്പ്. രാജ്നാഥ് സിങ്ങിന് എത്തേണ്ട ഹെലികോപ്റ്റർ ഉയർന്ന വോൾട്ടേജ് ഉള്ള വൈദ്യുതി ലൈനുകൾക്ക് സമീപമാണ് കടന്നുപോകുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. 

എന്നാൽ 40 ഡിഗ്രി താപനിലയുള്ള സത്നയിലെ നിവാസികൾക്ക് ദീർഘനേരത്തെ വൈദ്യുതി മുടക്കം താങ്ങാൻ പറ്റുമായിരുന്നില്ല. ഇതോടെ അവർ പ്രതിഷേധത്തിനിറങ്ങുകയും പ്രശ്നം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ പെടുകയുമായിരുന്നു. 12 മണിക്കൂർ‌ നേരം ജനങ്ങൾ ഇരുട്ടിലായി. 

സംസ്ഥാനത്ത് വിഐപി വരവിനോടനുബന്ധിച്ച് ജനങ്ങൾക്ക് ഇതിനു മുൻപും ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായി ആക്ഷേപമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനോടനുബന്ധിച്ച് സ്റ്റേജ് നിർമ്മിക്കാൻ തന്‍റെ ഗോതമ്പുപാടം നികത്തേണ്ടിവരികയും വലിയ നഷ്ടമുണ്ടാവുകയും ചെയ്തെന്ന ആരോപണവുമായി മദ്ധ്യപ്രദേശിലെ ഒരു കർഷകൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇയാളുടെ സമ്മതത്തോടെയായിരുന്നു പാടം നികത്തിയതെന്നായിരുന്നു കൃഷിമന്ത്രി ഗൗരീശങ്കർ ബീസൻ നൽകിയ വിശദീകരണം.