മറ്റുള്ളവരുടെ കിടപ്പറയില്‍ ഒളിഞ്ഞ് നോക്കുന്നത് എന്തിന്? ബി.ജെ.പിയോട് രാജ് താക്കറെ

ബിജെപിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. ബിജെപി വികസനത്തിന്റെ ബ്ലൂ പ്രിന്റിന് പകരം ബ്ലൂഫിലിം കാണിച്ച് ജയിക്കാനാണ് ശ്രമിക്കുന്നതെന്ന് താക്കറെ ആരോപിച്ചു. ഹാര്‍ദിക് പട്ടേലിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വിവാദ ലൈംഗിക വീഡിയോ പരാമര്‍ശിച്ചായിരുന്നു താക്കറെയുടെ വിമര്‍ശനം. മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന എം.എന്‍.എസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലേറി മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും വികസനം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് മറ്റുള്ളവരുടെ കിടപ്പറയില്‍ ഒളിഞ്ഞ് നോക്കിയും ജനങ്ങളെ നീല ചിത്രം കാണിച്ചും ജയിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നും താക്കറെ പറഞ്ഞു.എന്തിനാണ് മറ്റുള്ളവരുടെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്നതെന്നും രാജ് താക്കറെ ചോദിച്ചു.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി കളിയാക്കുന്ന ബിജെപി നിലപാടിനെയും രാജ് താക്കറെ വിമര്‍ശിച്ചു. രാഹുലിനെ നിങ്ങള്‍ കളിയാക്കുന്നതുപോലെ നിങ്ങളെ രാഹുലും കളിയാക്കുമ്പോള്‍ എന്തിനാണ് ബിജെപി നേതാക്കള്‍ രോഷാകുലരാകുന്നതെന്നും താങ്കറെ ചോദിച്ചു.

ഗുജറാത്തിന്റെ വികസനത്തിന് മാത്രമാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  രാജ്യത്ത് നീറുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും യോഗ ചെയ്യാനാണ് പ്രധാനമന്ത്രി പറയുന്നത്. ഇതാണോ പ്രധാനമന്ത്രിയുടെ പണിയെന്നും അദ്ദേഹം ചോദിച്ചു.