കോടികള്‍ മുടക്കിയ ഫാം പൂട്ടിക്കാൻ ശ്രമം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പ്രവാസി

പത്തനംതിട്ടയിൽ കോഴി ഫാം തുടങ്ങാൻ ശ്രമിച്ച പ്രവാസി മലയാളിയെ ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്നു പരാതി. കൊടുമൺ സ്വദേശിയും അബുദാബിയിലെ പ്രവാസിയുമായ ജോയി.പി.സാമുവലാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്കു പരാതി നൽകിയത്. ബിസിനസ് പങ്കാളിയെ കള്ളക്കേസിൽ കുടുക്കിയെന്നും ജോയി ആരോപിക്കുന്നു. 

കഴിഞ്ഞ വർഷം ആദ്യമാണ് ഒരുകോടിയിൽ പരം രൂപാ മുതൽമുടക്കിൽ അങ്ങാടിക്കലിൽ ആധുനികരീതിയിൽ കോഴി ഫാം തുടങ്ങാൻ പ്രവാസിയായ ജോയി ആലോചിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡിൻറേയും അഗ്നിശമന സേനയുടേയും അനുമതി നേടി. ഇതിനിടയിൽ, കോഴി ഫാം നിർമിക്കാനൊരുങ്ങിയ സ്ഥലത്തുനിന്നും അകലെ താമസിക്കുന്ന ഒരാൾ പരാതി നൽകി. പരാതിക്കു അടിസ്ഥാനമില്ലെന്നു മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയെങ്കിലും പഞ്ചായത്തിലെ സിപിഎം മെമ്പർമാരുടെ ഇടപെടലിലൂടെ ലൈസൻസ് നിഷേധിച്ചുവെന്നാണ് ആരോപണം. 

അതിനിടെ, ബിസിനസ് പങ്കാളിയായ പി.സി.ബിജുവിനെ കള്ളക്കേസിൽ കുടുക്കാൻ ഡിവൈഎഫ്ഐക്കാർ ശ്രമിച്ചെന്നും ആരോപണമുണ്ട്. 

മുഖ്യമന്ത്രിക്ക് പരാതി നൽകുകയും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കുള്ളവരെ നേരിൽ കണ്ട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ജോയി ആരോപിക്കുന്നു.