കണ്ണൂര്‍ വിമാനത്താവളം; പ്രവാസികളുടെ പ്രതീക്ഷകൾ പങ്കുവച്ച് ഗൾഫ് കൂട്ടം

പ്രവാസിമലയാളികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പറയാൻ അവസരമൊരുക്കി മനോരമ ന്യൂസിന്റെ പ്രത്യേക പരിപാടി ഗൾഫ് കൂട്ടം. കണ്ണൂർ വിമാനത്താവളവും പ്രവാസികളുടെ പ്രതീക്ഷകളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയിൽ നിർദേശങ്ങളും അഭിപ്രായങ്ങളുമായി പ്രവാസിമലയാളികൾ ആവേശത്തോടെ പങ്കെടുത്തു. ഗൾഫ് കൂട്ടം ഇന്നു വൈകിട്ട് ഏഴു മുപ്പതിന് മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്യും.

പറയാൻ ഏറെയുണ്ടായിരുന്നിട്ടും വേദിയില്ലെന്ന പരാതിക്ക് പരിഹാരമായാണ് മനോരമ ന്യൂസിന്റെ ഗൾഫ് കൂട്ടം തുടർച്ചയായ നാലാം തവണയും പ്രവാസികൾക്കു മുന്നിലെത്തിയത്. പ്രവാസലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കണ്ണൂർവിമാനത്താവളം അടുത്തമാസം ഉദ്ഘാടനം ചെയ്യാനിരിക്കെ പ്രവാസികളുടെ പ്രതീക്ഷകളാണ് ഗൾഫ് കൂട്ടം ചർച്ച ചെയ്തത്. ആരോഗ്യരംഗം, റോഡുകൾ, ഹോട്ടൽ അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ.

നോർക്ക റൂട്സ് ഡയറക്ടറും കണ്ണൂർ സ്വദേശിയുമായ ഒ.വി മുസ്തഫ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൻറെ ഓവർസീസ് കൺവീനർ നികേഷ് റാം, കണ്ണൂർ പ്രവാസി കൂട്ടായ്മയുടെ സ്ഥാപകാംഗം അഡ്വ.ടി.കെ ഹാഷിക് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ വച്ചുനടന്ന ചർച്ചയിൽ വിവിധമലയാളി അസോസിയേഷനുകളിൽ നിന്നുൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്കും യു.എ.ഇ സമയം ആറു മണിക്കും മനോരമ ന്യൂസിൽ ഗൾഫ്കൂട്ടം സംപ്രേഷണം ചെയ്യും.