കണ്ണൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് മറ്റു വിമാനത്താവളങ്ങളേക്കാൾ കൂടുതല്‍

ആഭ്യന്തര- രാജ്യാന്തര സർവീസുകൾക്ക് കേരളത്തിലെ മറ്റ് വിമാന താവളങ്ങളെക്കാൾ   ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് കണ്ണൂരിൽ. കൂടു‌തല്‍ വിമാന കമ്പനികൾ സർവീസ് നടത്താൻ എത്താനില്ലാത്തതാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ട്രാവൽസ് മേഖലയിലുള്ളവർ പറയുന്നത്.

കണ്ണൂരിൽ നിന്നു ദുബായിലേക്ക് നേരിട്ടു പറക്കാൻ നാൽപതിനായിരത്തിലധികം രൂപയാണ് വേണ്ടത്.കോഴിക്കോട് നിന്നു ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് പതിനെട്ടായിരം രൂപയാണ് . അതായത് ഇരട്ടിയോളം രൂപയുടെ വ്യത്യാസം. കണ്ണൂരിൽ നിന്നു ഗോ ഫസ്റ്റ് വിമാനം ദുബായിലേക്ക് പറക്കാനെടുക്കുന്ന സമയം 3 മണിക്കൂർ 50 മിനിറ്റ്. കോഴിക്കോട് നിന്ന് ദുബായിലേക്ക് എയർഇന്ത്യ എക്സ്പ്രസ് പറക്കാനെടുക്കുന്ന സമയം 4 മണിക്കൂർ 5 മിനിറ്റ്.

പറക്കാൻ എടുക്കുന്ന സമയത്തിൽ കാൽമണിക്കൂർ കുറവുണ്ടായിട്ടും കണ്ണൂരിലെ നിരക്ക് ഉയർന്നതാണ്.കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് 16716 ആണ് ഇൻഡിഗോയുടെ ടിക്കറ്റ് നിരക്ക്. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് 13456 രൂപയ്ക്ക് പറക്കാം. വ്യത്യാസം മൂവായിരം രൂപയിലേറെയാണ്. കൊച്ചിയിലും തിരുവനന്തപുരത്തും നിരക്ക് ഇതിനേക്കാൾ കുറവാണ്.കൂടുതൽ വിമാന കമ്പനികൾ പല റൂട്ടുകളിലും ഇല്ലാത്തതിനാൽ നിലവിലുള്ള കമ്പനികൾക്ക് ഇഷ്ടാനുസരണം വർദ്ധനവ് വരുത്താം.മത്സരവുമില്ല.

‌ആഭ്യന്തര സർവീസുകളിലും ടിക്കറ്റ് നിരക്കിന്‍റെ വ്യത്യാസം കാണാം. ബെംഗളൂരുവിലേക്ക് കണ്ണൂരിൽ നിന്ന് ഇൻഡിഗോയുടെ നിരക്ക് 4552രൂപയില്‍ ആരംഭിക്കും. കോഴിക്കോട്ടു നിന്നുള്ള നിരക്ക് തുടങ്ങുന്നത് 3555 രൂപയിൽ മാത്രമാണ്. ഡൽഹിയിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ ടിക്കറ്റ് നിരക്ക് 10,905 രൂപ മുതലാണ് തുടങ്ങുന്നത്. കോഴിക്കോടാകുമ്പോൾ  9436 രൂപയായി കുറയും.