‘എ.എൽ വിജയ്​യെ നശിപ്പിച്ചതാര്?’; അമലയുടെ പോസ്റ്റിന് കമന്‍റ്; മറുപടി

അമല പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിന് താഴെ മുൻ ഭർത്താവിനെ കുറിച്ച് ചോദിച്ച വ്യക്തിക്ക് അമല നൽകിയ മറുപടി വൈറലാവുകയാണ്. അമേരിക്കയിൽ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട് അമല പങ്കുവച്ച കുറിപ്പിനു താഴെയാണ് മുൻഭർത്താവിനെ ബന്ധപ്പെടുത്തി ചോദ്യം ഉയര്‍ന്നത്. ‘സ്നേഹം കൊണ്ടല്ലേ’ എന്ന പേരിൽ ആളുകളുടെ വേദനിപ്പിക്കുന്നതിനെതിരെയായിരുന്നു കുറിപ്പ്. മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമന്റുകളുടെ സ്ക്രീൻഷോട്ടും നടി പങ്കുവച്ചിരുന്നു.

ഈ പോസ്റ്റിനു ചുവടെയാണ് എ.എൽ വിജയ്‌യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്. അതിനെ തന്നോടു തന്നെയുള്ള ഇഷ്ടമെന്നും ആത്മാഭിമാനമെന്നുമാണ് വിളിക്കുക എന്നാണ് അമല നല്‍കിയിരിക്കുന്ന മറുപടി.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. 2019ൽ വിജയ് വീണ്ടും വിവാഹിതനായി.  ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് ഭാര്യ. ഇരുവർക്കും ഒരു കുട്ടിയുണ്ട്.