അപമര്യാദയായി പെരുമാറി; കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു; ലണ്ടനിലെ ദുരനുഭവം പങ്കുവച്ച് നീരജ്

neeraj-madhav
SHARE

സ്റ്റേജ് ഷോയ്ക്കായി ലണ്ടനിലെത്തിയപ്പോഴുണ്ടായ ദുരനുഭവം തുറന്നെഴുതുകയാണ് നടനും ഗായകനുമായ നീരജ് മാധവ്. പരിപാടിയുടെ സംഘാടരില്‍ നിന്നാണ് താരത്തിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും ദുരനുഭവം നേരിടേണ്ടിവന്നത്. സംഘാടകര്‍ അസഭ്യവാക്കുകള്‍ പ്രയോഗിച്ചെന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നേരിടേണ്ടി വന്ന അനാദരവില്‍ അങ്ങേയറ്റം ഞെട്ടലുണ്ടെന്നും ഇത്തരം മോശം പ്രവണതയ്ക്ക് എതിരെ ശബ്ദമുയര്‍ത്താനാണ് ഈ കുറിപ്പ് എഴുതുന്നതെന്നും താരം പറയുന്നു. 

‘ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലാക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നു നടത്താനിരുന്ന ഒരു പരിപാടിക്കു വേണ്ടി പോയപ്പോൾ ഹൃദയഭേദകമായ ചില അനുഭവങ്ങളുണ്ടായി.സംഘാടകരുമായുള്ള ആശയവിനിമയത്തില്‍ ഞങ്ങൾക്ക് നിരവധി വെല്ലുവിളികളും നിരാശയും നേരിടേമ്ടി വന്നു. ഇവന്റ് മാനേജ്മെന്റുമായി സഹകരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വളരം അപമര്യാദയായമ് ഞങ്ങളോട് പെരുമാറിയത്.  

ഡബ്ലിനിൽ നടന്ന ഇവന്റിനു ശേഷമുള്ള രാത്രി വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. ഈ സമയത്ത് ഞാനും മാനേജരും ഉൾപ്പെടെയുള്ള ഞങ്ങളുടെ സംഘത്തിനു നേരെ അപകീർത്തികരമായ ഭാഷാപ്രയോഗമാണ് അവർ നടത്തിയത്. കൂടാതെ, കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ചുറ്റുമുണ്ടായിരുന്ന ആളുകൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്കു പരുക്കേറ്റേനെ. സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദിത്തപരമായ ഈ പെരുമാറ്റത്തെത്തുടർന്ന് ലണ്ടനിലെ മറ്റു പരിപാടികളെല്ലാം ഞങ്ങൾ വെണ്ടെന്നു വച്ചു. ഇത്തരം ദുഷ്‌പെരുമാറ്റത്തിനും അനാദരവിനും സ്വയം വിധേയരായി തുടരാൻ ഞങ്ങൾക്കു താൽപര്യമില്ല. 

പ്രഫഷനൽ നിലവാരം ഉയർത്തിപ്പിടിക്കുന്നതിലും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നതിലും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു, നിർഭാഗ്യവശാൽ അത് പരിപാടിയുടെ സംഘാടകരിൽ നിന്നുമുണ്ടായില്ല.‌ പക്വതയോടെയും പ്രഫഷനലിസത്തോടെയും സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനുപകരം പ്രശ്നം കൂടുതൽ വഷളാക്കാൻ സംഘാടകർ തിരഞ്ഞെടുത്ത വഴി അങ്ങേയറ്റം നിരാശാജനകമാണ്. ഞങ്ങളുടെ സമ്മതമില്ലാതെ ഈ പര്യടനത്തിൽ നിന്നു ഞങ്ങളെ പിരിച്ചുവിടുന്നുവെന്നു പരസ്യമായി പ്രഖ്യാപിക്കാനുള്ള അവരുടെ തീരുമാനം അനാദരവ് മാത്രമല്ല, വലിയ തെറ്റു കൂടിയാണ്. മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുതരാനും സംഘാടകർ തയാറായില്ല. ഇതൊക്കെ ഞങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കി. നടന്ന കാര്യങ്ങൾ അംഗീകരിക്കാനാകുന്നില്ല. അവരുടെ പെരുമാറ്റത്തിനും മോശം പ്രവണതയ്ക്കുമെതിരെ ശബ്ദമുയർത്തുകയാണു ഞങ്ങൾ. സംഘാടക‍ര്‍ അവരുടെ പ്രവർത്തനങ്ങളിൽ ബഹുമാനം പുല‍‌‍ർത്താനും പ്രഫഷനലിസം, ഉത്തരവാദിത്തം, സംസ്കാരം എന്നിവ വളർത്തിയെടുക്കാനും ശ്രമിക്കണമെന്നു ഞങ്ങൾ അഭ്യർഥിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതു തടയാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഈ അനുഭവം പങ്കുവയ്ക്കുന്നത്‌. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങൾക്കൊപ്പം നിന്ന പ്രിയപ്പെട്ട ആരാധകർക്കും സഹപ്രവർത്തകർക്കും ആത്മാർഥമായ നന്ദി. ഞങ്ങളുടെ പ്രേക്ഷകർക്കു സാധ്യമായ ഏറ്റവും മികച്ച അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, എന്നും താരം കുറിച്ചു. 

നീരജിന്‍റെ പോസ്റ്റിന് താഴെ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചും പിന്തുണ അറിയിച്ചും നിരവധി പേരുമെത്തി. 

MORE IN ENTERTAINMENT
SHOW MORE