പൗരത്വനിയമത്തില്‍ രൂക്ഷമായി രോഷം പ്രകടിപ്പിച്ച് അമല പോൾ; പടരുന്ന പ്രതിഷേധം

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികള്‍ക്കെിരെ ജാമിയ സർവകലാശാലയിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ അതിരൂക്ഷ പ്രതികരണവുമായി നടി അമല പോൾ. 'ഇന്ത്യ നിന്റെ തന്തയുടേതല്ല' എന്ന കുറിപ്പോടെയുള്ള ചിത്രമാണ് അമല ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ആക്കിയിരിക്കുന്നത്.

സർവകലാശാലയിൽ മാധ്യമപ്രവർത്തകനെ പൊലീസ് മർദിക്കുന്നത് തടഞ്ഞ മലയാളി വിദ്യാർഥിനി ആയിഷ റെന്നയുടെ ചിത്രം കഴിഞ്ഞ ദിവസം വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഈ ചിത്രമാണ് അമല പങ്കുവെച്ചിരിക്കുന്നത്. 

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും ക്യാമ്പസുകളിലേക്ക് പ്രതിഷേധം ആളിപ്പടരുന്നു.  ലക്‌നൗ നദ്‌വ കോളേജിൽ വിദ്യാർഥികളും പോലീസും ഏറ്റുമുട്ടി. മുംബൈ ടാറ്റ ഇൻസ്റ്റിറ്റിയൂറ്റിലും  ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലും പ്രതിഷേധം തുടരുകയാണ്.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കൊൽക്കത്തയിൽ  നേതൃത്വത്തിൽ മെഗാ റാലി നടത്തും. 

ജാമിയ വിദ്യാർഥികൾക്ക് പിന്തുണയുമായാണ് നദ്‌വ കോളേജിൽ വിദ്യാർഥികൾ സംഘടിച്ചത്. കോളേജ് ഗേറ്റിനു പുറത്ത് നിലയുറപ്പിച്ച പോലീസും അകത്ത നിന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളും പരസ്പരം കല്ലെറിഞ്ഞു. വിദ്യാർഥികൾ പുറത്തിറങ്ങാതിരിക്കാൻ പൊലീസ് ഗേറ്റ് പൂട്ടി. സ്ഥിതി നിയന്ത്രണ വിധേയമായെന്നു പൊലീസ് അറിയിച്ചു. പൗരത്വനിയമഭേഗതിക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല വിദ്യാര്‍ഥികളും പ്രതിഷേധിച്ചു. ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ പൊലീസ് നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ ക്യാംപസിനു പുറത്ത് പ്രതിഷേധപ്രകടനം നടത്തി.  സംഘര്ഷങ്ങളുടെ പശ്ചാത്തലത്തിൽ അലിഗഡിലും മീററ്റിലും ഇന്റർനെറ്റ്‌ വിച്ഛേദിച്ചു. 

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലും വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലും മദ്രാസ് ഐഐടിയിലും പ്രതിഷേധം തുടരുകയാണ്. പോണ്ടിച്ചേരി സർവകലാശാല ജാദവ് പൂർ സർവകലാശാല എന്നിവിടങ്ങളിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. ഗുവാഹത്തിയിൽ നടന്ന പ്രതിഷേധത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന 2 പേർ  കൂടി മരിച്ചു. അസമിലും മേഘാലയിലും ഇന്റർനെറ്റ്‌ സംവിധാനങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്.