പോസ്റ്റ് വിവാദമായി; ന്യായീകരിച്ച് അമല പോൾ

ഹാത്രസിൽ പെൺകുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യുപി പൊലീസിനെയും യോഗി ആദിത്യനാഥിനെയും കുറ്റപ്പെടുത്താതെ സമൂഹത്തിന്റെ നിശബ്ദതയെ മാത്രം  പഴിച്ച പോസ്റ്റ് ഷെയർ ചെയ്ത്  നടി അമലാപോൾ വിവാദത്തിൽ. മാധ്യമങ്ങളില്‍ വാര്‍ത്തകളും  സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും വന്നതോടെ നിലപാടിനെ ന്യായീകരിച്ചും തന്റെ പോസ്റ്റ് തെറ്റിദ്ധരിച്ചതാണെന്നും വ്യക്തമാക്കി നടി രംഗത്തെത്തി.

യോഗിയും ജാതിവ്യവസ്ഥയുമല്ല മരണകാരണമെന്നും സമൂഹത്തിൽ നിശബ്ദത പാലിക്കുന്നവരാണെന്നുമായിരുന്നു ഇൻസ്റ്റഗ്രാമിൽ അമല ഷെയർ ചെയ്ത പോസ്റ്റ്. മറ്റൊരാളുടെ പോസ്റ്റാണ് പങ്കുവച്ചത്.

'ബലാൽസംഗം ചെയ്ത് കൊന്നു, ചാരമാക്കി. ആരാണിത് ചെയ്തത്? ജാതി വ്യവസ്ഥയല്ല, യുപി പൊലീസോ, യോഗി ആദിത്യനാഥോ അല്ല. നമ്മളിൽ നിശബ്ദത പാലിക്കുന്നവരാരോ അവരാണിത് ചെയ്തത്'എന്നായിരുന്നു ഈ പോസ്റ്റ്.

പെൺകുട്ടി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിക്കാൻ പ്രത്യക്ഷ ശ്രമം നടക്കുന്നുവെന്ന വാദം നിലനിൽക്കെയാണ് അമലയുടെ നിലപാട്.  എന്നാൽ താൻ ആരെയും ന്യായീകരിക്കാനല്ല ശ്രമിച്ചതെന്ന്  അമല പിന്നീട് വ്യക്തമാക്കി.

യുപി സർക്കാരിനെയോ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയോ ജാതിവ്യവസ്ഥയോ ന്യായീകരിക്കുകയല്ല താൻ ഉദ്ദേശിച്ചതെന്ന് അമല പറഞ്ഞു.  പൊതുജനം എന്ന നിലയിൽ നമ്മൾ തുടരുന്ന നിശബ്ദതയാണ് ഇതിനെല്ലാം കാരണമെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഇത് മറ്റ് രീതിയിൽ മാധ്യമങ്ങൾ വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും നടി വ്യക്തമാക്കുന്നു.

പല മലയാള ഓണ്‍ലൈന്‍  മാധ്യമങ്ങളും നടിയുടെ ആദ്യപോസ്റ്റിനെത്തുടര്‍ന്ന് വാര്‍ത്ത നല്‍കിയിരുന്നു.