‘എനിക്കും നിലപാടുണ്ട്; വേര്‍തിരിവിനെ പക്ഷേ ഭയം’; വോട്ടിട്ട് കുറിപ്പുമായി മീനാക്ഷി

Meenakshi
SHARE

കന്നിവോട്ട് രേഖപ്പെടുത്തി യുവനടി മീനാക്ഷി പങ്കുവെച്ച ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സ്വന്തമായി നിലപാടുകളുള്ള ആളാണ് താനെന്നും പക്ഷേ രാഷ്ട്രീയ നിലപാട് പറഞ്ഞാല്‍ വേര്‍തിരിച്ചു കാണുമെന്ന ഭയമുണ്ടെന്നും താരം പറയുന്നു. ഇനി ആര് ഭരിക്കണമെന്ന് ഞാന്‍ കൂടി തീരുമാനിക്കും എന്ന കുറിപ്പോടെ വോട്ടിന് മുന്നേ മീനാക്ഷി പങ്കുവെച്ച പോസ്റ്റിന് പിന്നാലെ എത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് താരം. 

‘ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയമല്ല, കലാകാരന്‍മാരെ എല്ലാവരും നമ്മുടെ ആള്‍ എന്ന രീതിയിലാണ് പരിഗണിക്കുന്നത്. നിലപാട് പറഞ്ഞാല്‍ നമ്മുടെ മീനാക്ഷി എന്നതില്‍ നിന്ന് മാറി ഞങ്ങളുടെ മീനാക്ഷി, നിങ്ങളുടെ മീനാക്ഷി എന്നെല്ലാമാകും. ആ വോര്‍തിരിവിനെ ഭയക്കുന്നു. അതിനാല്‍ ഇപ്പോള്‍ രാഷ്ട്രീയ നിലപാട് പറയാനില്ല എന്നുമാണ് താരത്തിന്‍റെ വാക്കുകള്‍. 

കുറിപ്പിന്‍റെ പൂര്‍ണ രൂപം: 

അനുനയ... നയം വ്യക്തമാക്കുന്നു...കഴിഞ്ഞ പോസ്റ്റിൽ ചില കമന്‍റുകളിൽ എന്‍റെ രാഷ്ട്രീയമെന്താണ്...സ്വന്തമായിനിലപാടുകൾ ഉള്ളയാളാണോ.. ഇത്തരം കാര്യങ്ങൾ പറയുവാൻ എന്തിനാണ് ആരെയാണ് ഭയക്കുന്നത് എന്നൊക്കെ ചോദിക്കുകയുണ്ടായി...എന്തായാലും ചെറിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നതിനാൽ പറയട്ടെ....

ഭയക്കുന്നുവെന്നതല്ല ..കലാകാരന്മാരും മറ്റും നമ്മുടെ ആൾ ( ഉദാ..നമ്മുടെ മീനാക്ഷി ) എന്ന നിലയിലാണ് മലയാളികൾ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്ന് തോന്നുന്നു...( ഇഷ്ടമില്ലാത്തവരും ഉണ്ടാവും എന്നതും സത്യം തന്നെ)  ഞാൻ ഒരു പക്ഷം നിന്നു പറയുമ്പോൾ ഞങ്ങടെ മീനാക്ഷി ... അവരുടെ മീനാക്ഷി എന്ന നിലയിലാവും കാര്യങ്ങൾ... ഈ തിരിവുകളേയാണ് ഞാൻ ഭയപ്പെടുന്നത്... ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല... ഓരോ പാർട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായ് എന്നല്ലെ പറയുന്നത്... എന്നാൽ ഒരുമിച്ച് നമ്മുടെ നാടിനായ് എന്ന് ചിന്തിച്ചാൽ എത്ര സുന്ദരമാവും കാര്യങ്ങൾ... എനിക്കും നിലപാടുകൾ ഉണ്ട് ഞാൻ പഠിച്ചതും ഹ്യുമാനിറ്റീസ് ആണ്... ജനാധിപത്യത്തെക്കുറിച്ചറിയാൻ അതെനിക്ക് ഉപകാരവുമായി ...രാജ്യം എങ്ങനെയാവാനാണ്  ആഗ്രഹം എന്ന് ചോദിച്ചാൽ നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെ (ഫിൻലൻഡ് ... സ്കോട്ട്ലെൻറ് ..etc ) അയിത്തീരണമെന്നാണ് ആഗ്രഹം... സത്യത്തിൽ കേരളം സ്കാൻഡ് നേവിയൻ രാജ്യങ്ങളെപ്പോലെ പലതുകൊണ്ടുമാണ്  വിദ്യാഭ്യാസം മെഡിക്കൽ പ്രകൃതി സൗന്ദര്യം ജീവിത സാഹചര്യങ്ങൾ ഒക്കെ ... കാരണം മലയാളി പൊളിയല്ലേ...  മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാൽ അഹാ ഇവിടം സ്വർഗ്ഗമല്ലെ ... അത് ആര് ഭരിച്ചാലും നമ്മൾ മലയാളികൾ ഒരു സംഭവമല്ലെ .. സൗമ്യമായി ഇടപെടുന്ന പുഞ്ചിരിയോടെ കാര്യങ്ങൾ കേൾക്കുന്ന മനുഷ്യത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കൾ പ്രത്യേകിച്ച് .വനിതാ നേതാക്കൾ ഉൾപ്പെടെ എല്ലാ പാർട്ടിയിലുമുണ്ടാകട്ടെ.. ഇവിടെ എല്ലാ പാർട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലെ ശരിയായ ജനാധിപത്യം ...എന്‍റെ ചെറിയ അറിവുകളിൽ നിന്നെഴുതുന്നു.. തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ :..പക്ഷെ എനിക്ക്  നിലപാടുള്ളപ്പോഴും  പക്ഷം പറഞ്ഞ്  ഒരാളെയും വിഷമിപ്പിക്കേണ്ടതില്ല .. എന്ന നിലപാടിലാണിപ്പോൾ... കുറച്ചു കൂടി വലുതാവട്ടെ ... ചിലപ്പോൾ ഞാനും നിലപാടുകൾ വ്യക്തമാക്കിയേക്കാം... ഇപ്പോൾ ക്ഷമിക്കുമല്ലോ...

വോട്ട് ലിസ്റ്റില്‍ മീനാക്ഷിയുടെ യഥാർഥ പേരായ അനുനയ അനൂപ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തിയത്.

MORE IN ENTERTAINMENT
SHOW MORE