സ്പീഡ് ബോട്ട്, വഞ്ചി വീട് ഒരുങ്ങി; പൊളിച്ച ഫ്ലാറ്റുകൾ കാണാം; മരട് പാക്കേജ് റെഡി

മരട്: പൊളിക്കുന്നതിനു മുൻപു ഫ്ലാറ്റുകൾ കാണാൻ അനുഭവപ്പെട്ട വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇപ്പോൾ അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും പ്രത്യേക പാക്കേജായി ടൂറിസം മേഖലയിൽ മരട് സ്ഥാനം പിടിച്ചു. 

വളന്തകാട് ദ്വീപും കണ്ടൽക്കാടും കക്ക നീറ്റലും കൂടു മത്സ്യകൃഷിക്കുമൊപ്പം, പൊളിഞ്ഞു വീണ ഫ്ലാറ്റുകളും കാണാവുന്നതാണു പുതിയ പാക്കേജ്. മറൈൻ ഡ്രൈവിൽ നിന്നുള്ള ക്രൂയിസുകൾ കൂടാതെ പ്രദേശിക സർവീസുകളും ഇതിനായി രംഗത്തുണ്ട്.

പ്ര‌ാദേശിക സർവീസുകൾ ഒരു മണിക്കൂർ കായൽ സവാരിക്ക് 1000 മുതൽ 2500 വരെയാണ് ഈടാക്കുന്നത്. 8 – 12 പേർക്കു സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടും വഞ്ചി വീടുമുണ്ട്. നെട്ടൂർ ഐഎൻടിയുസി, കുണ്ടന്നൂർ പാലത്തിനു സമീപം എന്നിവിടങ്ങളിലായി 4 പ്രദേശിക സർവീസുകളുണ്ട്. വടക്കേ ഇന്ത്യയിൽ നിന്ന് പാക്കേജിൽ എത്തിയിരുന്ന വിനോദ സഞ്ചാരികളാണ് കൂടുതലും ഈ മാർഗം പ്രയോജനപ്പെടുത്തിയിരുന്നതെങ്കിലും ഫ്ലാറ്റ് പൊളിക്കൽ പശ്ചാത്തലത്തിൽ മലയാളി ടൂറിസ്റ്റുകളും ഇപ്പോൾ കൂടുതലായി എത്തുന്നുണ്ട്.