‘മരട് 357’ ന്റെ റിലീസ് കോടതി തടഞ്ഞു; തകർക്കാൻ ഗൂഢശ്രമമെന്നു സംവിധായകൻ

കേരള ജനതയുടെ മനസിൽ നിന്ന് ആ ദിനങ്ങൾ ഒരിക്കലും മായില്ല. കൊച്ചി മരടിലെ 357 ഫ്ളാറ്റുകൾ നിലംപൊത്തുന്ന കാഴ്ച. മറ്റുള്ളവർക്കു വെറും കാഴ്ചയായിരുന്നെങ്കിൽ ഫ്ളാറ്റുടമകൾക്കു തങ്ങളുടെ ജീവിതത്തിലെ കറുത്ത ദിനമായിരുന്നു അത്. സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ‘മരട് 357’ ചിത്രത്തിന്റെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞതോടെ വീണ്ടും വാർത്തകളിലേക്കു എത്തുകയാണ് ആ ഫ്ളാറ്റുകൾ. പൊളിച്ചു മാറ്റിയ ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ലാറ്റ് നിര്‍മാതാക്കളുടെ വാദം.

ചിത്രത്തിന്റെ ട്രെയിലറോ ഭാഗങ്ങളോ പുറത്തു വിടരുതെന്നും കോടതിയുടെ ഉത്തരവിലുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നുണ്ട്. ഫെബ്രുവരി 19ന് ആയിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. അതേസമയം, സിനിമ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില ആളുകളുടെ ഗൂഢശ്രമമാണ് ഈ നീക്കങ്ങൾക്കു പിന്നിലെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം അഭിപ്രായപ്പെട്ടു.

‘സുപ്രീം കോടതി വിധി പ്രകാരം ഫ്ലാറ്റ് പൊളിച്ചതിലെ ശരികേടുകള്‍ ഒന്നുമല്ല ഈ ചിത്രം പറയുന്നത്. മരട് ഫ്ലാറ്റ് എങ്ങനെയാണ് ഉണ്ടായത്. ഫ്ലാറ്റില്‍ ഉണ്ടായിരുന്നവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്നാണ്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഫ്ലാറ്റ് പണിയാന്‍ കൈക്കൂലി വാങ്ങി അനുമതി നല്‍കിയതിനെ കുറിച്ചും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. അതിലെ പിന്നാമ്പുറ കഥകളിലൂടെയാണ് ചിത്രം സഞ്ചരിക്കുക. എന്നെ മാത്രമല്ല ഈ സിനിമയുമായി സഹകരിക്കുന്ന നൂറോളം ആളുകളുടെ ജീവിതത്തെ ഇങ്ങനെയൊരു വിധി പ്രതികൂലമായി ബാധിക്കുക.

ജയറാം നായകനായ 'പട്ടാഭിരാമന്' ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമാണ് മരട് 357. ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മാണം.