ജനപ്രിയ സിനിമകളിലെ സ്ഥിരം സാന്നിധ്യം; ഒടുവില്‍ സ്വന്തം പേരുപോലും മറന്ന കനകലത

actress-kanakalatha
SHARE

ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യം... എല്ലാ ജനപ്രിയ സിനിമകളിലെയും അവിഭാജ്യ ഘടകം.. ജഗതി ഉള്‍പ്പെടെയുളളവരുടെ കൂടെ ചെയ്തതെല്ലാം തന്നെ എന്നും ഓര്‍മിക്കപ്പെടുന്ന കുറെ കഥാപാത്രങ്ങള്‍. മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയായി കനകലതയുടെ കഥാപാത്രങ്ങള്‍. തമിഴിലും മലയാളത്തിലുമായി 360ലേറെ സിനിമകളില്‍ താരം അഭിനയിച്ചു. നാടകത്തിലൂടെ വെള്ളിത്തിരയിലെത്തിയ കനകതല പിന്നീട് സീരിയലുകളിലും മിനിസ്ക്രീനിലും ശ്രദ്ധിക്കപ്പെട്ടു. ഈയിടെ മലയാളത്തിലിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലൂടെ താരം ഒരു തിരിച്ചുവരവും നടത്തിയിരുന്നു..

‘ഉണർത്തുപാട്ട്’ ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. പക്ഷേ അത് റിലീസായില്ല. പിന്നീട് ‘ചില്ല്’ എന്ന സിനിമയിലൂടെയാണ് താരം അഭ്രപാളികളിൽ എത്തുന്നത്. 360 ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി. 22ാം വയസിലെ പ്രണയവിവാഹം പതിനാറ് വര്‍ഷം നീണ്ടുനിന്നു. ഹാസ്യവും സ്വഭാവറോളുകളും ഒരേപോലെ വഴങ്ങിയ നടിയായിരുന്നു കനകലത. കിരീടം, കൗരവര്‍, ഹിറ്റ്ലര്‍, വര്‍ണപ്പകിട്ട്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, അനിയത്തിപ്രാവ്, ആദ്യത്തെ കണ്‍മണി തുടങ്ങിയ പ്രേഷകപ്രിയ ചിത്രങ്ങളുടെ പട്ടിക നീണ്ടുപോകും.

2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി.

വര്‍ഷങ്ങളായുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മൂലം അവര്‍ അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. എന്നാലും ചെറിയ ചെറിയ റോളുകള്‍ ചെയ്തു വന്നിരുന്നു. 2019ലെ ആകാശഗംഗ 2ന് ശേഷം അവര്‍ അത്ര സജീവമായിരുന്നില്ല. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും അവരെ വല്ലാതെ വലച്ചു. നടന്‍ അനീഷ് രവി അവരെ കാണാന്‍ പോയതും അദ്ദേഹം അതിന് ശേഷം എഴുതിയ കുറിപ്പും ചര്‍ച്ചയായിരുന്നു

MORE IN ENTERTAINMENT
SHOW MORE