പൊളിച്ച ഫ്ലാറ്റുകളുടെ നിർമാണത്തിന് ഉത്തരവാദികളാര്?; ഏകാംഗ കമ്മിഷനെ നിയോഗിച്ച് കോടതി

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച മരടിലെ ഫ്ലാറ്റുകളുടെ നിർമാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ ഏകാംഗ കമ്മിഷനെ നിയോഗിച്ച് സുപ്രീം കോടതി. കൊൽക്കത്ത, തെലങ്കാന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനെയാണ് സുപ്രീം കോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കമ്മീഷൻ രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

മരടിലെ വിവാദ ഫ്ലാറ്റുകളുടെ അനധികൃത നിർമാണത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഉദ്യോഗസ്ഥർക്കാണോ, ഫ്ലാറ്റ് നിർമാതാക്കൾക്കാണോ എന്നത് കണ്ടെത്തുകയാണ് എകാംഗ കമ്മീഷന്റെ ചുമതല. നിർമാണത്തിന് ഉത്തരവാദികളായാ ബിൽഡർമാർ, ഉദ്യോഗസ്ഥർ എന്നിവരെ കണ്ടെത്തണം. 2 മാസത്തിനുള്ളിൽ ജസ്റ്റിസ്‌ തോട്ടത്തിൽ ബി രാധാകൃഷ്ണൻ സമർപ്പിക്കുന്ന റിപ്പോർട്ട്‌ വേനൽ അവധി കഴിഞ്ഞാൽ ഉടൻ സുപ്രീം കോടതി പരിഗണിക്കും.കമ്മീഷന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകാൻ സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 

തീരദേശം നിയമം ലംഘിച്ച് നിർമാണം നടത്തിയതിന് ജയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം, ആൽഫ വെൻഞ്ചെഴ്സ്, ഹോളി ഫെയ്ത് എന്നി ഫ്ലാറ്റുകളാണ് 2020 ജനുവരിയിൽ പൊളിച്ച് നീക്കിയത്. നിയമം ലംഘിച്ചുള്ള നിർമാണത്തിന് ഉത്തരവാദികൾ ആയവരിൽ നിന്ന് ഫ്ലാടുടമകൾക്കുള്ള നഷ്ടപരിഹാരം ഈടാക്കാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ നിർമാണത്തിന് ഉത്തരവാദികൾ ആയവരെ കണ്ടെത്താൻ അന്വേഷണം ആവശ്യമാണെന്ന് ഫ്ലാറ്റ് നിർമാതാക്കൾ കോടതിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥരോ, തദ്ദേശ സ്വയം ഭരണ സ്ഥാപനമോ ആണ് ഉത്തരവാദികളെങ്കിൽ അവരാണ് നഷ്ട പരിഹാരം നൽകേണ്ടതെന്ന് നിർമാതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു